മാസ്മരിക ഇന്നിംഗ്സ്, 58 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുശല്‍ പെരേര

Sports Correspondent

ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച കുശല്‍ പെരേരയ്ക്ക് ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ മികച്ച നേട്ടം. 153 റണ്‍സ് നേടി പുറത്താകാതെ നിന്ന താരം 58 സ്ഥാനങ്ങള്‍ മെച്ചപ്പെടടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആയ 40ലേക്ക് എത്തുകയായിരുന്നു. ഡര്‍ബനിലെ ആദ്യ ഇന്നിംഗ്സിലും 51 റണ്‍സ് നേടുവാന്‍ പെരേരയ്ക്ക് സാധിച്ചിരുന്നു.

ഫാഫ് ഡു പ്ലെസി ആദ്യമായി ആദ്യ പത്ത് സ്ഥാനത്തിനുള്ളിലേക്ക് എത്തിയിട്ടുണ്ട്. ഡര്‍ബനില്‍ 35, 90 എന്നിങ്ങനെ സ്കോറുകള്‍ നേടിയ ഫാഫ് 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 10ാം സ്ഥാനത്തേക്കുയര്‍ന്നത്. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നയൊടൊപ്പമാണ് ഫാഫ് പത്താം സ്ഥാനം പങ്കുവയ്ക്കുന്നത്. ക്വിന്റണ്‍ ഡിക്കോക്ക് നാല് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.