ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിൽ രാഹുൽ ദ്രാവിഡിന് പകരം ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി മടങ്ങിയെത്തും. ഇതിനുമുമ്പ്, 2022-ൽ രാജസ്ഥാൻ റോയൽസിനെ ഐപിഎൽ ഫൈനലിലേക്ക് നയിച്ച പരിശീലകനാണ് അദ്ദേഹം.

2024-ൽ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ശേഷമാണ് രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. എന്നാൽ, 2025 സീസണിന് ശേഷം ടീമിൻ്റെ ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായി അദ്ദേഹം പരിശീലക സ്ഥാനം ഒഴിഞ്ഞു. 2025 സീസണിന് ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ, പുതിയ നായകനെ കണ്ടെത്തുക എന്ന വലിയ വെല്ലുവിളിയും സംഗക്കാരയ്ക്ക് മുന്നിലുണ്ട്.
2021 മുതൽ 2024 വരെ സംഗക്കാരയുടെ പരിശീലന കാലയളവിൽ, രാജസ്ഥാൻ റോയൽസ് രണ്ട് തവണ പ്ലേഓഫിൽ എത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ദ്രാവിഡിന് കീഴിൽ 2025-ൽ ടീം സ്ഥിരതയില്ലാത്ത പ്രകടനം കാരണം പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സഞ്ജു സാംസണിന്റെ പരിക്കും ടീമിന് തിരിച്ചടിയായി. സംഗക്കാരയുടെ മടങ്ങിവരവ് ടീമിന് സ്ഥിരതയും പുതിയ തന്ത്രങ്ങളും നൽകുമെന്നാണ് ആരാധകർ കരുതുന്നത്. സംഗക്കാരയ്ക്ക് ഒപ്പം അസിസ്റ്റന്റ് കോച്ച് വിക്രം റാത്തോറും ബോളിംഗ് കോച്ച് ഷെയ്ൻ ബോണ്ടും ടീമിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.