തന്റെ അരങ്ങേറ്റ ടെസ്റ്റിന് മുമ്പ് അന്നത്തെ കോച്ച് അനില്‍ കുംബ്ലെ തന്നോട് പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കി കുല്‍ദീപ് യാദവ്. 2017ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ധരംശാല ടെസ്റ്റിലാണ് കുല്‍ദീപ് അരങ്ങേറ്റം നടത്തുന്നത്. മത്സരത്തിന്റെ തലേ ദിവസം തന്നോട് കുംബ്ലെ വന്ന് പറഞ്ഞത് നാളെ താന്‍ കളിക്കുമെന്നും മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ നേടണമെന്നാണെന്നും കുല്‍ദീപ് വ്യക്തമാക്കി.
ഇതോടെ താന്‍ ആകെ പരിഭ്രമത്തിലായെന്നും ഇന്നും ആ അരങ്ങേറ്റ ടെസ്റ്റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ വികാരനിര്‍ഭരനാകുമെന്നും കുല്‍ദീപ് വ്യക്തമാക്കി. താന്‍ അഞ്ച് വിക്കറ്റ് നേടാമെന്ന് കുംബ്ലെയോട് പറഞ്ഞുവെന്നും കുല്‍ദീപ് ഓര്‍മ്മിച്ചു. അതിന് ശേഷം തനിക്ക് ടെസ്റ്റ് ക്യാപ് നല്‍കുമ്പോള്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ തനിക്ക് ചില ഉപദേശങ്ങള്‍ നല്‍കിയെങ്കിലും താന്‍ അത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നുമാണ്.
ടെന്‍ഷന്‍ കാരണം മുന്‍ ടെസ്റ്റ് താരം തനിക്ക് ക്യാപ് നല്‍കുമ്പോള്‍ പറഞ്ഞതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും ഞാന്‍ കുറച്ച് നേരത്തേക്ക് പൂര്‍ണ്ണമായും ബ്ലാങ്ക് ആയത് പോലെ തോന്നിയെന്നും കുല്‍ദീപ് വ്യക്തമാക്കി. താന്‍ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ നേടിയെന്നും അതില്‍ ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, പാറ്റ കമ്മിന്‍സ് എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നും കുല്‍ദീപ് പറഞ്ഞു.
തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും എന്നാല്‍ ലഞ്ചിന് മുമ്പ് ഏതാനും ഓവറുകള്‍ എറിഞ്ഞ ശേഷം താന്‍ പതിയെ ആ ടെന്‍ഷനില്‍ നിന്നെല്ലാം ഒഴിഞ്ഞ് സാധാരണ രീതിയില്‍ ആയെന്നും കുല്‍ദീപ് വ്യക്തമാക്കി. പിന്നീട് അതൊരു രഞ്ജി ട്രോഫി മത്സരമാണെന്ന നിലയിലാണ് താന്‍ സമീപിച്ചതെന്നും കുല്‍ദീപ് അഭിപ്രായപ്പെട്ടു.