ഐപിഎൽ 2025 ൽ വിരാട് കോഹ്‌ലി തൻ്റെ സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന് മുൻ ദക്ഷിണാഫ്രിക്ക, ആർസിബി ബാറ്റർ എബി ഡിവില്ലിയേഴ്‌സ്. സ്‌മാർട്ട് ക്രിക്കറ്റാണ് പ്രധാനമെന്ന് ഊന്നിപ്പറയുന്നു. കഴിഞ്ഞ സീസണിൽ തൻ്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്ക് റേറ്റിൽ 741 റൺസ് കോഹ്ലി സ്‌കോർ ചെയ്തിരുന്നു.

ഫിൽ സാൾട്ട് ആണ് ഒപ്പം ഓപ്പണറാകുന്നത് എന്നതുകൊണ്ട് കോഹ്‌ലിയുടെ സമ്മർദ്ദം കുറയുമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
“ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആക്രമണകാരിയായ കളിക്കാരിൽ ഒരാളാണ് ഫിൽ സാൾട്ട്, അതിനാൽ വിരാട് തൻ്റെ സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിക്കേണ്ടതില്ല. അവൻ ഗെയിം നിയന്ത്രിക്കുക ആണ് ചെയ്യേണ്ടത്” ഡിവില്ലിയേഴ്സ് സ്റ്റാർ സ്പോർട്സ് പ്രസ് റൂമിൽ പറഞ്ഞു.
സാഹചര്യത്തിനനുസരിച്ച് കളിച്ച് കോഹ്‌ലി “ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ക്യാപ്റ്റനായി” പ്രവർത്തിക്കണമെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. “എപ്പോൾ റിസ്‌ക് എടുക്കണമെന്നും എപ്പോൾ വേഗത കുറയ്ക്കണമെന്നും വിരാട്ടിന് അറിയാം. ബാറ്റിംഗ് തകർച്ച തടയാൻ അദ്ദേഹത്തിന്റെ സ്‌മാർട്ട് ക്രിക്കറ്റ് ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.