ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ പരാജയപ്പെട്ട ക്യാപ്റ്റൻ ആയി ആൾക്കാർ കാണുന്നതിനെ വിമർശിച്ചു. തന്റെ കീഴിൽ ഐസിസി ടൂർണമെന്റിൽ കിരീടം വിജയിക്കാത്തതിന്റെ പേരിൽ ആണ് ഒരു വിഭാഗം വിമർശകരിൽ നിന്നും ആരാധകരിൽ നിന്നും പരാജയപ്പെട്ട ക്യാപ്റ്റനെന്ന് വിധിയെഴുത്ത് വരുന്നത് എന്ന് കോഹ്ലി പറഞ്ഞു. 2017 ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ, 2020 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ എന്നിവയിലേക്ക് ഇന്ത്യയെ നയിച്ചിട്ടും, ഈ പ്രധാന ടൂർണമെന്റുകളിലൊന്നും തന്റെ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ല.
ക്യാപ്റ്റനെന്ന നിലയിൽ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് കോഹ്‌ലി സംസാരിച്ചു. “മൂന്ന് ഐസിസി ടൂർണമെന്റുകൾക്ക് ശേഷം, എന്നെ പരാജയപ്പെട്ട ക്യാപ്റ്റനായി എല്ലാവരും കണക്കാക്കി,” അദ്ദേഹം പറഞ്ഞു. “ഞാൻ ഒരിക്കലും ആ വീക്ഷണകോണിൽ നിന്ന് എന്നെത്തന്നെ വിലയിരുത്തിയിട്ടില്ല. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നേടിയതും മാറിയതും എനിക്ക് എപ്പോഴും അഭിമാനകരമായ കാര്യമായിരിക്കും.”
ഒരു ടൂർണമെന്റ് വിജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കൂടുതൽ കാലം വിജയിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം കോഹ്‌ലി ഊന്നിപ്പറഞ്ഞു. അതിനാണ് താൻ ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.