കോഹ്ലിക്ക് 45 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാം – സൈമൺ ഡൗൾ

Newsroom

Resizedimage 2026 01 18 21 07 01 1


ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ അസാമാന്യമായ കായികക്ഷമതയെ പ്രശംസിച്ച മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗൾ, കോഹ്‌ലിക്ക് 45 വയസ്സുവരെ ഏകദിന ക്രിക്കറ്റിൽ തുടരാനാകുമെന്ന് അഭിപ്രായപ്പെട്ടു. ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന നിർണ്ണായകമായ ഏകദിന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, തകർച്ചയ്ക്കിടയിലും കോഹ്‌ലി നേടിയ 124 റൺസ് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Resizedimage 2026 01 18 21 07 02 3

2025 ഒക്ടോബറിൽ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം വെറും ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 616 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനവും കോഹ്‌ലി തിരിച്ചുപിടിച്ചു.
മത്സരത്തിലുടനീളം കോഹ്‌ലി കാണിച്ച പ്രൊഫഷണലിസത്തെയും വിക്കറ്റുകൾക്കിടയിലെ വേഗതയേറിയ ഓട്ടത്തെയുമാണ് സൈമൺ ഡൗൾ പ്രധാനമായും എടുത്തുപറഞ്ഞത്. കോഹ്ലിയുടെ അത്ര ഫിറ്റ് ആയ ക്രിക്കറ്റ് താരം വേറെ ഇല്ല എന്ന അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും നേരത്തെ പുറത്തായപ്പോൾ നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചിരുന്നു. നിലവിൽ 54 ഏകദിന സെഞ്ച്വറികളുള്ള കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കറെക്കാൾ അഞ്ച് സെഞ്ച്വറികൾ അധികം നേടി റെക്കോർഡ് നിലനിർത്തുകയാണ്. റിക്കി പോണ്ടിംഗിന്റെ റൺസ് മറികടന്നതോടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ എന്ന പദവിയും അദ്ദേഹം ഉറപ്പിച്ചു.