ജെയിംസ് സത്തര്‍ലണ്ടിനു ശേഷം കെവിന്‍ റോബര്‍ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലപ്പത്ത്

Sports Correspondent

ജെയിംസ് സത്തര്‍ലണ്ടിനു ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ ആയി കെവിന്‍ റോബര്‍ട്സ് സ്ഥാനം ഏറ്റെടുക്കും. ന്യൂ സൗത്ത് വെയില്‍സിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്നു റോബര്‍ട്സ് ജെയിംസ് സത്തര്‍ലണ്ട് ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാനം ഒഴിയുവാന്‍ സന്നദ്ധ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ഇത് സംബന്ധിച്ച തീരുമാനം ആയിരുന്നു. സത്തര്‍ലണ്ടിനു ശേഷം സ്ഥാനം ഏറ്റെടുക്കുന്നതിനു കെവിന്‍ റോബര്‍ട്സിനെ സന്നദ്ധനാക്കുന്നതിനു വേണ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്ന പുതിയ പദവി ക്രിക്കറ്റ് ഓസ്ട്രേലിയ സൃഷ്ടിച്ചിരുന്നു.

2017ലെ വേതന തര്‍ക്കത്തിലെ ബോര്‍ഡിനു വേണ്ടി കാര്യങ്ങള്‍ സംസാരിച്ചത് റോബര്‍ട്സ് ആയിരുന്നു. 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 18 ആഭ്യന്തര ഏകദിനങ്ങളും ന്യൂ സൗത്ത് വെയില്‍സിനായി റോബര്‍ട്സ് കളിച്ചിട്ടുണ്ട്. 2XU എന്ന സ്പോര്‍ട്ടിംഗ് അപ്പാരല്‍ കമ്പനിയുടെ സിഇഒ ആയി പ്രവര്‍ത്തിച്ച് പരിചയമുള്ള കെവിന്‍ റോബര്‍ട്സ് പിന്നീട് അഡിഡാസിന്റെ മാനേജിംഗ് ഡയറക്ടറായി ഓസ്ട്രേലിയയില്‍ ചുമതലയേറ്റും. അവിടെ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന സ്ഥാനവും വഹിച്ച ശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ബോര്‍ഡില്‍ 2012 മുതല്‍ 2015 വരെ കെവിന്‍ റോബര്‍ട്സ് എത്തിയത്.

ഒക്ടോബര്‍ 25നു നടക്കുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാര്‍ഷിക പൊതുയോഗത്തില്‍ റോബര്‍ട്സ് ചുമതലയേല്‍ക്കും. 17 വര്‍ഷത്തെ നീണ്ട ചുമതലയ്ക്ക് ശേഷമാണ് ജെയിംസ് സത്തര്‍ലാണ്ട് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുക.