രഞ്ജി ട്രോഫി ഫൈനൽ നാലാം റൗണ്ടിൽ. വിദർഭ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ വിദർഭരണ്ടാം ഇന്നിംഗ്സിൽ 189-3 എന്ന നിലയിൽ ആണ്. അവർക്ക് 226 റൺസിന്റെ ലീഡ് ഇപ്പോൾ ആയി. ടീക്ക് തൊട്ടു മുമ്പ് മലേവാറിനെ പുറത്താക്കിയത് കേരളത്തിന് ഊർജ്ജം നൽകും.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.
എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് പടുത്തു.
അവസാനം അക്ഷയ് ആണ് മലേവറിനെ പുറത്താക്കിയത്. മലേവാർ 73 റൺസ് എടുത്തു. ഇപ്പോൾ 100 റൺസുമായി കരുൺ നായരും റൺ എടുക്കാതെ യാഷ് റാത്തോഡും ക്രീസിൽ നിൽക്കുന്നു. കരുൺ നായറിന്റെ 23ആം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്.