ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 371 റൺസിന് അവസാനിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 65 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റൺസെടുത്ത് നില്ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ലീഡിൻ്റെ മികവിൽ പഞ്ചാബിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് നേടി. ആദ്യ ഇന്നിങ്സിൽ പഞ്ചാബിന് വേണ്ടി 170 റൺസെടുത്ത ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്.
അവസാന ദിവസം കളി തുടങ്ങുമ്പോൾ ബാബ അപരാജിത്തും അഹ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു കേരളത്തിൻ്റെ പ്രതീക്ഷ. ഇരുവരും ചേർന്ന് 20 റൺസ് കൂടി കൂട്ടിച്ചേർത്തു. അർദ്ധസെഞ്ച്വറി പൂർത്തിയാക്കി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബാബ അപരാജിത് പുറത്തായത്.51 റൺസെടുത്ത അപരാജിത് ആയുഷ് ഗോയലിൻ്റെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. തുടർന്നെത്തിയ ഷോൺ റോജറിനൊപ്പം ചേർന്ന് അഹ്മദ് ഇമ്രാൻ ഇന്നിങ്സ് മുന്നോട്ട് നീക്കി. എട്ടാം വിക്കറ്റിൽ 78 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കേരളത്തിൻ്റെ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റിന് 323 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ ഇടവേളയ്ക്ക് ശേഷം മത്സരം തുടങ്ങി വൈകാതെ തന്നെ കേരളത്തിന് ഷോൺ റോജറുടെ വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത ഷോൺ റോജറെ എൽബിഡബ്ല്യുവിൽ കുടുക്കി ആയുഷ് ഗോയലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് അഹ്മദ് ഇമ്രാൻ്റെ വിക്കറ്റും നഷ്ടമായി. 86 റൺസെടുത്ത അഹ്മദ് ഇമ്രാൻ കൃഷ് ഭഗതിൻ്റെ പന്തിൽ സലീൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. 10 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു കേരളത്തിൻ്റെ ടോപ് സ്കോറർ കൂടിയായ അഹ്മദ് ഇമ്രാൻ്റെ ഇന്നിങ്സ്.
തുടർന്നെത്തിയ നിധീഷ് അക്കൌണ്ട് തുറക്കും മുൻപെ തന്നെ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 371ന് അവസാനിച്ചു. അക്ഷയ് ചന്ദ്രൻ 13 റൺസുമായി പുറത്താകാതെ നിന്നു.പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് നാലും ആയുഷ് ഗോയൽ, നമൻ ധീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
സ്കോർ
പഞ്ചാബ് ആദ്യ ഇന്നിങ്സ് – 436, രണ്ടാം ഇന്നിങ്സ് – 15/0
കേരളം ആദ്യ ഇന്നിങ്സ് – 371














