ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ ഏഴ് വിക്കറ്റിന് 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49ആം ഓവറിൽ 262 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ചെയർമാൻസ് ഇലവന് ഓപ്പണർ പൃഥ്വി മാച്ചിയുടെ ഉജ്ജ്വല ഇന്നിങ്സാണ് കരുത്ത് പകർന്നത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന് ഹമ്മദ് മിർസയ്ക്കും മൊഹമ്മദ് നദീമിനുമൊപ്പം പൃഥ്വി ഉയർത്തിയ കൂട്ടുകെട്ടുകളാണ് ഒമാൻ്റെ സ്കോർ 294ൽ എത്തിച്ചത്. പൃഥ്വി 105 റൺസെടുത്തപ്പോൾ മൊഹമ്മദ് നദീം 80ഉം ഹമ്മദ് മിർസ 33ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ടും ബേസിൽ എൻ പി, ശ്രീഹരി, അബ്ദുൾ ബാസിദ്, ഷോൺ റോജർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരത്തിന് സ്കോർ ബോർഡ് മുൻപെ തന്നെ ഓപ്പണർ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മൊഹമ്മദ് അസറുദ്ദീനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 111 റൺസ് പിറന്നു. അസറുദ്ദീൻ 63ഉം ഗോവിന്ദ് പൈ 62ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയ മൂന്ന് ബാറ്റർമാർ തിളങ്ങാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ഷോൺ റോജർ റണ്ണെടുക്കാതെ പുറത്തായപ്പോൾ അക്ഷയ് മനോഹർ 13ഉം രോഹൻ കുന്നുമ്മൽ 12ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ 34 പന്തുകളിൽ നിന്ന് 58 റൺസെടുത്ത സൽമാൻ്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിൻ്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു. നിധീഷ് 37 റൺസെടുത്തു. ഒമാന് വേണ്ടി മുജിബുർ അലി മൂന്നും മൊഹമ്മ് ഇമ്രാനും, ഷക്കീൽ അഹ്മദും, സമയ് ശ്രീവാസ്തവയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.