അവസാന ഏകദിനത്തിൽ ഒമാൻ ചെയർമാൻസ് ഇലവനെതിരെ കേരളത്തിന് തോൽവി, പരമ്പര സമനിലയിൽ

Newsroom

Kerala Eden
Download the Fanport app now!
Appstore Badge
Google Play Badge 1

കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിൻ്റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവൻ ആറ് ഓവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

Picsart 25 04 26 09 27 01 442

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരള ബാറ്റിങ് നിരയിൽ ഷോൺ റോജർ മാത്രമാണ് മികച്ച ഇന്നിങ്സ് കാഴ്ച വച്ചത്. മറ്റ് ബാറ്റർമാരുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയതോടെ എതിരാളികൾക്കെതിരെ കൂറ്റൻ സ്കോർ കണ്ടെത്താൻ കേരളത്തിനായില്ല. ഓപ്പണർമാരായ അഭിഷേക് നായർ 32ഉം രോഹൻ കുന്നുമ്മൽ 28ഉം റൺസുമായി മടങ്ങി. മുഹമ്മദ് അസറുദ്ദീൻ 13ഉം അഹമ്മദ് ഇമ്രാൻ മൂന്നും റൺസെടുത്ത് പുറത്തായി. 79 റൺസെടുത്ത ഷോൺ റോജറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അക്ഷയ് മനോഹർ 43 റൺസെടുത്തു. ഇരുവരും ചേർന്നുള്ള 117 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഒമാന് വേണ്ടി ഷക്കീൽ അഹമ്മദ് നാലും മൊഹമ്മദ് നദീം ആമിർ കലീം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ്റെ ഓപ്പണർമാർ വലിയ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മധ്യനിരയിൽ മുജിബുർ അലിയും മൊഹമ്മദ് നദീമും ചേർന്ന കൂട്ടുകെട്ട് കരുത്തായി.മുജിബുർ അലി 68ഉം ഉം മൊഹമ്മദ് നദീം പുറത്താകാതെ 71 റൺസും നേടി. 44ആം ഓവറിൽ ഒമാൻ ചെയർമാൻസ് ഇലവൻ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഷോൺ റോജർ രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂർണ്ണമെൻ്റിലെ ആദ്യത്തെയും മൂന്നാമത്തെയും മല്സരം കേരളം ജയിച്ചപ്പോൾ രണ്ടാമത്തെയും അവസാനത്തെയും മല്സരം ഒമാൻ സ്വന്തമാക്കി. ഇതോടെ പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞു.