രഞ്ജി ട്രോഫിയിൽ കേരള – മധ്യപ്രദേശ് മത്സരം സമനിലയിൽ

Newsroom

Picsart 25 01 26 19 43 43 317

തിരുവനന്തപുരം : കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 363 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്ത് നില്ക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.

1000807259

അർദ്ധ സെഞ്ച്വറികൾ നേടിയ ആദിത്യ സർവാടെയുടെയും മൊഹമ്മദ് അസറുദ്ദീൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ കേരളം മല്സരത്തിൽ നിന്ന് വിലപ്പെട്ട മൂന്ന് പോയിൻ്റുകൾ കരസ്ഥമാക്കി.

ഒരു വിക്കറ്റിന് 28 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടരെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 47 റൺസെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മൊഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. സ്കോർ 121ൽ നില്ക്കെ 32 റൺസെടുത്ത ജലജ് സക്സേന പുറത്തായി.

തുടർന്നെത്തിയ ആദിത്യ സർവാടെയും അസറുദ്ദീനും ചേർന്നുള്ള 90 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിൽ നിർണ്ണായകമായത്. മൊഹമ്മദ് അസറുദ്ദീൻ 68 റൺസെടുത്ത് പുറത്തായി. മല്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റൺസെടുത്ത ആദിത്യ സർവാടെയും പുറത്തായത് കേരള ക്യാമ്പിൽ ആശങ്ക പടർത്തി. എന്നാൽ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേർന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളിൽ നിന്ന് 26 റൺസും നിധീഷ് 35 പന്തുകൾ നേരിട്ട് നാല് റൺസുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാർ കാർത്തികേയ സിങ്ങും കൂൽദീപ് സെന്നും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ആദിത്യ സർവാട്ടെയാണ് മാൻ ഓഫ് ദി മാച്ച്.

സമനില നേടാനായതോടെ സി ഗ്രൂപ്പിൽ കർണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം