രഞ്ജി ട്രോഫിയിൽ കേരളം സെമി ഫൈനലിൽ എത്തി. ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെതിരെ സമനില നേടിയതോടെയാണ് സെമി ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ 1 റൺസിന്റെ ലീഡ് കേരളം നേടിയിരുന്നു. അതാണ് കേരളത്തിന് തുണയായത്.
ഇന്ന് അഞ്ചാം ദിനം ജമ്മു കാശ്മീർ ഉയർത്തിയ 399 എന്ന ലക്ഷ്യം പിന്തുടർന്ന കേരളം 295/6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ഏഴാം വിക്കറ്റിൽ മുഹമ്മദ് അസറുദ്ദീനും സൽമാൻ നിസാറും അപരാജിത കൂട്ടുകെട്ടിൽ 115 റൺസ് ചേർത്താണ് സമനില ഉറപ്പിച്ചത്. സൽമാൻ നിസാർ 44 റൺസ് എടുത്തും, അസറുദ്ദീൻ 67 റൺസ് എടുത്തും പുറത്താകാതെ നിന്നു.
ഇന്ന് രാവിലെ 2 വിക്കറ്റ് നഷ്ടത്തിൽ കളി ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബിയും നന്നായി ബാറ്റു ചെയ്തു. ക്ഷമയോടെ ബാറ്റു ചെയ്ത ഇരുവരും ആദ്യ സെഷനിൽ കാശ്മീർ ബൗളിംഗിനെ പ്രതിരോധിച്ചു. അക്ഷയ് ചന്ദ്രൻ 183 പന്തിൽ നിന്ന് 48 റൺസും സച്ചിൻ ബേബി 162 പന്തിൽ നിന്ന് 48 റൺസും എടുത്ത് പുറത്തായി.
ജലജ് സക്സേന 18, സാർവതെ 8 എന്നിവരും പെട്ടെന്ന് മടങ്ങി. 180-6 എന്ന നിലയിൽ പതറിയ സ്ഥലത്ത് നിന്നായിരുന്നു സൽമാൻ-അസറുദ്ദീൻ കൂട്ടുകെട്ട്. ആദ്യ ഇന്നിംഗ്സിലും സൽമാൻ നിസാർ ആയിരുന്നു കേരളത്തിന്റെ ഹീറോ. ആദ്യ ഇന്നിംഗ്സിൽ അവസന വിക്കറ്റിൽ 82 റൺസ് ചേർത്തായിരുന്നു സൽമാൻ കേരളത്തിന് ലീഡ് നൽകിയത്. ആദ്യ ഇന്നിംഗ്സിൽ സൽമാൻ 112 റൺസ് എടുത്ത് പുറത്താകാതെ നിന്നു.