രഞ്ജി ട്രോഫിയിൽ കേരളത്തിന് ഫോളോ ഓൺ, ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്

Newsroom

Picsart 25 11 03 17 24 01 157
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി.തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണ്ണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.

1000318755

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൌൾഡാവുകയായിരുന്നു. തൊട്ടു പിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നില്ക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.

മറുവശത്ത് ഉറച്ച് നിന്ന ബാബ അപരാജിതും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. 88 റൺസെടുത്ത അപരാജിത്തിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിറകെ 31 റൺസെടുത്ത അഹ്മദ് ഇമ്രാനും ആറ് റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനും പുറത്തായി. 85 പന്തുകളിൽ നിന്ന് 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 238ൽ അവസാനമായി. ഏദൻ ആപ്പിൾ ടടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണ്ണാടകയ്ക്ക് വേണ്ടി വിദ്വത് കവെരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എം ഡി നിധീഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.