ഒമാൻ പര്യടനത്തിൽ കേരളത്തിന് തോൽവിയോടെ തുടക്കം

Newsroom

Picsart 25 09 23 20 25 56 991
Download the Fanport app now!
Appstore Badge
Google Play Badge 1

ഒമാൻ പര്യടനത്തിലെ ആദ്യ മല്സരത്തിൽ കേരള ക്രിക്കറ്റ് ടീമിന് തോൽവി. 40 റൺസിനാണ് ഒമാൻ ചെയർമാൻ ഇലവൻ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെയർമാൻ ഇലവൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.1 ഓവറിൽ 103 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ചെയർമാൻ ഇലവൻ്റെ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിനെ ക്ലീൻ ബൌൾഡാക്കി ക്യാപ്റ്റൻ സാലി വിശ്വനാഥ് കേരളത്തിന് മികച്ച തുടക്കം നല്കി. എന്നാൽ ഹുസ്നൈൻ ഉൾ വഹാബ് ഒമാൻ്റെ ഇന്നിങ്സ് മികച്ച രീതിയിൽ മുന്നോട്ട് നീക്കി. ഒൻപതാം ഓവറിൽ അഖിൽ സ്ഖറിയയുടെ പന്തിൽ വിഷ്ണു വിനോദ് പിടിച്ചാണ് ഹുസ്നൈൻ പുറത്തായത്.24 പന്തുകളിൽ 31 റൺസായിരുന്നു ഹുസ്നൈൻ നേടിത്. മധ്യ ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ കേരള ബൌളർമാർ ഒമാൻ്റെ സ്കോറിങ് ദുഷ്കരമാക്കി. അവസാന ഓവറുകളിൽ 11 പന്തുകളിൽ നിന്ന് 23 റൺസ് നേടിയ ഹുസ്നൈൻ അലി ഷായാണ് ഒമാൻ ചെയർമാൻ ഇലവൻ്റെ സ്കോർ 143ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ രണ്ടും സാലി വിശ്വനാഥ്, രാഹുൽ ചന്ദ്രൻ, കെ എം ആസിഫ്, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ വിഷ്ണു വിനോദ് 12ഉം കൃഷ്ണപ്രസാദ് പത്തും റൺസുമായി മടങ്ങി. തുടർന്നെത്തിയ അഖിൽ സ്ഖറിയ മൂന്ന് റൺസെടുത്ത് പുറത്തായി. അജ്നാസും സാലി വിശ്വനാഥും ചേർന്ന് നാലാം വിക്കറ്റിൽ 26 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 60ൽ നില്ക്കെ അജ്നാസ് മടങ്ങിയത് തകർച്ചയുടെ തുടക്കമായി. 14 പന്തുകളിൽ 20 റൺസായിരുന്നു അജ്നാസ് നേടിയത്. തുടർന്നെത്തിയ അബ്ദുൾ ബാസിത് ഒൻപതും സിജോമോൻ ജോസഫ് ഒന്നും എ കെ അർജുൻ 17ഉം മുഹമ്മദ് ആഷിഖ് പൂജ്യത്തിനും പുറത്തായി. 24 റൺസെടുത്ത സാലി വിശ്വനാഥാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. 17ആം ഓവറിൽ 103 റൺസിന് കേരളം ഓൾ ഔട്ടായി. ചെയർമാൻ ഇലവന് വേണ്ടി സൂഫിയാൻ മെഹ്മൂദും സിക്രിയ ഇസ്ലാമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആര്യൻ ബിഷ്ട് രണ്ട് വിക്കറ്റ് നേടി.