ഇടവേളകളില്ലാതെ ഇന്ത്യൻ ടീമിൽ ഇനി മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹന്‍ലാല്‍

Newsroom

Picsart 24 09 01 00 18 09 517
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ഒരു കായിക വിനോദത്തിനുമപ്പുറം ലോകമെമ്പാടും ഒരു വികാരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആരാധകരുള്ള രണ്ട് കായികവിനോദങ്ങൾ ക്രിക്കറ്റും ഫുട്‌ബോളുമാണ്. രണ്ടിന്റേയും ഏതു മൽസരങ്ങൾക്കും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മലയാളികൾ ലോകമെമ്പാടുമുണ്ട്. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമൊക്കെ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു തങ്ങളുടേത്. ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാസംൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസ്സോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്നത്. കേരളത്തിലുടനീളം പടർന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്‍പ്പെടെയുള്ള നല്ലകാര്യങ്ങളുടെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിനു മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ പറ്റുന്നതെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

വനിതാ ഇന്ത്യൻ ടീമിൽ ഈ വർഷം മിന്നു മണി, ആശാ ശോഭന, സജന സജീവൻ എന്നീ മൂന്നു മിടുക്കികള്‍ക്ക് അവസരംലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തങ്ങൾ വിലയിരുത്താൻ ധാരാളമാണ്. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിന് അവർക്ക് സാധിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേരളത്തിലെ കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി ക്രിക്കറ്റ് ലീഗ് ചാംപ്യന്മാര്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തുകൊണ്ട് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പങ്കാളിത്തത്തോടെയുള്ള നിക്ഷേപങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും കേരളത്തിന്റെ കായിക സമ്പദ്ഘടന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയായി കായികരംഗത്തിന്റെ സംഭാവന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റിലും ഫുട്ബോളിലും പ്രൊഫഷണല്‍ ലീഗുകള്‍ ആരംഭിക്കുന്നതിലൂടെ വലിയതോതിലുള്ള നിക്ഷേപമാണ് കേരളത്തില്‍ വരിക. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ ശക്തമായ സംഭവാനകള്‍ നല്‍കാന്‍ ക്രിക്കറ്റ് അസോസിയേഷന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, വനിതാ ക്രിക്കറ്റ് ഗുഡ്‌വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.