സെഞ്ച്വറി മികവിൽ റൺവേട്ടക്കാരിൽ രണ്ടാമനായി കൃഷ്ണപ്രസാദ്; മറികടന്നത് സഞ്ജുവിനെ

Newsroom

1000257270
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും സെഞ്ച്വറി പ്രകടനവുമായി ആരാധകർക്ക് ആശ്വാസമേകി ടീം നായകൻ കൃഷ്ണപ്രസാദ്. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു ക്യാപ്റ്റന്റെ റോളിൽ കെ.പിയുടെ അപരാജിത ഇന്നിങ്സ് . 62 പന്തിൽ നിന്ന് പുറത്താകാതെ 119 റൺസാണ് കൃഷ്ണപ്രസാദ് അടിച്ചുകൂട്ടിയത്. 10 പടുകൂറ്റൻ സിക്സറുകളും 6 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രിവാൻഡ്രം നായകന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ കെ.പി 389 റൺസുമായി രണ്ടാമതെത്തി. 9 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും അടക്കം 389 റൺസാണ് കെ.പിയുടെ പേരിൽ ഉള്ളത്. കൊച്ചി ബ്ലൂടൈഗേഴ്സിന്റെ സഞ്ജു സാംസണിനെയാണ് കൃഷ്ണപ്രസാദ് മറികടന്നത്. 368 റൺസാണ് സഞ്ജുവിന് ഉള്ളത്.ടൂർണമെന്റിൽ 423 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് റൺവേട്ടക്കാരിൽ ഒന്നാമൻ.

Img 20250902 Wa0011

ട്രിവാൻഡ്രം റോയൽസ് ടീമിന്റെ ഓപ്പണറായെത്തിയ കെ.പി, തുടക്കത്തിൽ ടീം തകർച്ച നേരിട്ടപ്പോൾ ഒറ്റയാൾ പോരാളിയായി ക്രീസിൽ നിലയുറപ്പിച്ചു. ടീം സ്കോർ 22 റൺസിൽ നിൽക്കെ 14 റൺസെടുത്ത വിഷ്ണു രാജിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. തൊട്ടുപിന്നാലെ അനന്തകൃഷ്ണനും പുറത്തായത് റോയൽസിനെ സമ്മർദ്ദത്തിലാക്കി. തുടർന്നെത്തിയ റിയ ബഷീറും, എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ വിലപ്പെട്ട കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറ പാകിയത്.. രണ്ട് കൂട്ടുകെട്ടുകളിലുമായി ആകെ നേടിയ 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ അബ്ദുൾ ബാസിത്തിനെ കൂട്ടുപിടിച്ച് കെ.പി നടത്തിയ വീരോചിത പ്രകടനം ടീമിന് കൂടുതൽ കരുത്തായി. ഇരുവരും ചേർന്ന് 25 പന്തിൽ നിന്ന് 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി റോയൽസിനെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തി.

പ്രസിഡന്റ്‌സ് കപ്പിലാണ് മധ്യനിരബാറ്ററിൽ നിന്നും ഓപ്പണറുടെ റോളിലേക്ക് ക്യാപ്റ്റൻ കെ.പി എത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള ടീമംഗങ്ങളുടെ സ്വന്തം കെ.പി , വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് സെഞ്ചറി നേടിയിട്ടുണ്ട്. കെ.സി.എൽ പ്രഥമ സീസണിൽ ആലപ്പി റിപ്പിൾസിനായി 192 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും കൃഷ്ണപ്രസാദിന് സാധിച്ചു.