തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ഒന്നാം ദിനം ചണ്ഡീഗഡ് ബൗളർമാർ ആധിപത്യം സ്ഥാപിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കം മുതലേ പിഴച്ചു. വെറും 56 ഓവറിൽ 139 റൺസിന് കേരളത്തിന്റെ എല്ലാ വിക്കറ്റുകളും ചണ്ഡീഗഡ് വീഴ്ത്തി.
40 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നിഷുങ്ക് ബിർളയാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. ബി അപരാജിത് (49), അങ്കിത് ശർമ്മ (1), ശ്രീഹരി നായർ (0), നിധീഷ് എം.ഡി (1) എന്നിവരുടെ സുപ്രധാന വിക്കറ്റുകളാണ് ബിർള സ്വന്തമാക്കിയത്. രോഹിത് ദണ്ഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പിന്തുണ നൽകിയപ്പോൾ ജഗ്ജിത് സിംഗ് സന്ധു രണ്ട് വിക്കറ്റും കാർത്തിക് സന്ദിൽ ഒരു വിക്കറ്റും നേടി.
കേരള നിരയിൽ 49 റൺസ് നേടിയ ബി അപരാജിതും 41 റൺസ് നേടിയ സച്ചിൻ ബേബിയും മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 58 റൺസിന്റെ കൂട്ടുകെട്ട് ആശ്വാസമായി. എന്നാൽ ഒരു ഘട്ടത്തിൽ 95-ന് 3 എന്ന നിലയിലായിരുന്ന കേരളം പിന്നീട് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഓപ്പണർമാരായ അഭിഷേക് നായർ (1), ആകർഷ് എ.കെ (14) എന്നിവർ നേരത്തെ പുറത്തായപ്പോൾ വിഷ്ണു വിനോദ്, എദൻ ആപ്പിൾ ടോം എന്നിവർ പൂജ്യത്തിന് മടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന് 4 റൺസ് മാത്രമാണ് നേടാനായത്. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു.









