സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മുംബൈയെ അട്ടിമറിച്ച് കേരളം

Newsroom

Picsart 24 11 29 17 36 54 951
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ടി ട്വന്‍റി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയെ തോല്പിച്ച് കേരളം. 43 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് എടുക്കാനായത്. സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

Picsart 24 11 27 16 16 30 092

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത സഞ്ജുവിനെ ശാർദ്ദൂൽ ഥാക്കൂർ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീനും അധികം പിടിച്ചുനില്ക്കാനായില്ല. 13 റൺസെടുത്ത അസറുദ്ദീനെ മോഹിത് ആവസ്തിയാണ് പുറത്താക്കിയത്. തുടർന്നെത്തിയ സച്ചിൻ ബേബി പരിക്കേറ്റ് മടങ്ങിയതും കേരളത്തിന് തിരിച്ചടിയായി. തുടർന്ന് രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്നുള്ള 140 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്. മുംബൈ ബൌളർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. 48 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും അടക്കം 87 റൺസാണ് രോഹൻ നേടിയത്. 18-ാം ഓവറിൽ രോഹൻ മടങ്ങിയെങ്കിലും കൂറ്റൻ ഷോട്ടുകളുമായി കളി തുടർന്ന സൽമാൻ നിസാറിന് ഒരു റൺസിനാണ് അർഹിച്ച സെഞ്ച്വറി നഷ്ടമായത്. 99 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. 49 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സൽമാൻ്റെ ഇന്നിങ്സ്. മുംബൈയ്ക്ക് വേണ്ടി മോഹിത് ആവസ്തി നാല് വിക്കറ്റ് വീഴ്ത്തി. ട്വൻ്റി 20യിൽ മുംബൈയ്ക്കെതിരെ കേരളത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഹൈദരാബാദിൽ കുറിക്കപ്പെട്ടത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ബാറ്റർമാർ അതിവേഗത്തിലുള്ള തുടക്കം തന്നെ നല്കി. പക്ഷെ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാകാതിരുന്നത് മുംബൈയ്ക്ക് തിരിച്ചടിയായി. 23 റൺസെടുത്ത പൃഥ്വീ ഷായുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷായെ പുറത്താക്കിയ നിധീഷ് തന്നെ അംഗ്രിഷ് രഘുവൻഷിയെയും മടക്കി. ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും ചേർന്നുള്ള മൂന്നാം വിക്കറ്റിൽ 42 റൺസ് പിറന്നു. എന്നാൽ 32 റൺസെടുത്ത ശ്രേയസിനെ അബ്ദുൾ ബാസിദ് പുറത്താക്കിയതോടെ ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണു.20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 68 റൺസെടുത്ത അജിൻക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. ഹാർദ്ദിക് തമോറെ 23 റൺസെടുത്തു. നാല് വിക്കറ്റുമായി എം ഡി നിധീഷാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. വിനോദ് കുമാറും അബ്ദുൾ ബാസിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 99 രണ്സ് എടുത്ത ’ സന്മാന്‍ നിസാര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.