കെസിഎ അണ്ടർ 23 ഇൻ്റർ സോൺ മല്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടി ദക്ഷിണ മേഖലയുടെ പി കാർത്തിക്ക്. ഓപ്പണറായി ഇറങ്ങിയ കാർത്തിക് 304 റൺസുമായി പുറത്താകാതെ നില്ക്കുകയായിരുന്നു. 517 പന്തുകൾ നേരിട്ടാണ് കാർത്തിക് 304 റൺസ് നേടിയത്. 247 റൺസു് നേടിയ എസ് എസ് ഷാരോണും ദക്ഷിണ മേഖലയ്ക്കായി തിളങ്ങി. ഇരുവരുടെയും മികവിൽ ആറ് വിക്കറ്റിന് 675 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു ദക്ഷിണ മേഖല.

തലശ്ശേരിയിലെ കോണോർവയൽ സ്റ്റേഡിയത്തിൽ നടന്ന മല്സരത്തിൽ മധ്യമേഖലയ്ക്കെതിരെയായിരുന്നു കാർത്തിക്കിൻ്റെ ഉജ്ജ്വല പ്രകടനം. കാർത്തിക്കും ഷാരോണും ചേർന്നുള്ള കൂട്ടുകെട്ടിൽ 420 റൺസാണ് പിറന്നത്. 41 ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാർത്തിക്കിൻ്റെ ഇന്നിങ്സ്. പത്തനംതിട്ട പന്തളം കൂട്ടംവീട്ടിൽ കെ ജി പ്രദീപിൻ്റെയും ശ്രീകലയുടെയും മകനാണ് കാർത്തിക്. ജില്ലാ താരമായിരുന്ന അച്ഛൻ പ്രദീപിൻ്റെ പാത പിന്തുടർന്നാണ് കാർത്തിക്കും ക്രിക്കറ്റ് ലോകത്തേക്ക് ചുവട് വച്ചത്. അച്ഛൻ തന്നെയാണ് കാർത്തിക്കിൻ്റെ ആദ്യ കോച്ച്.
ആറാം വയസ്സിൽ അടൂർ ഡ്യൂക്സ് ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് പരിശീലനത്തിന് തുടക്കമിട്ടത്. പത്തനംതിട്ടയുടെ കോച്ച് ആയിരുന്ന സിബി കുമാറിന് കീഴിലും പരിശീലനം നേടി. പടിപടിയായി ഉയർന്ന് വിവിധ ഏജ് ഗ്രൂപ്പ് മല്സരങ്ങളിലൂടെ കഴിഞ്ഞ തവണ കേരളത്തിൻ്റെ അണ്ടർ 19 ടീം വരെയെത്തി. കഴിഞ്ഞ സീസണിൽ കുച്ച് ബിഹാർ ട്രോഫിയിലും വിനു മങ്കാദ് ട്രോഫിയിലും കേരളത്തിന് വേണ്ടി കാർത്തിക് കളിച്ചിരുന്നു. ഉത്തരാഖണ്ഡിനെതിരായ മല്സരത്തിൽ അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. ഇൻ്റർസോൺ മല്സരങ്ങളിൽ മികച്ച രീതിയിൽ തുടങ്ങാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കാർത്തിക്. സ്ഥിരതയുള്ള പ്രകടനങ്ങളുമായി വലിയ ഉയരങ്ങൾ സ്വപ്നം കാണുകയാണ് ഈ യുവപ്രതിഭ.