കെസിഎ പ്രസിഡൻ്റ്സ് ട്രോഫി : അനായാസ വിജയവുമായി റോയൽസും ലയൺസും

Newsroom

Picsart 25 03 13 18 36 33 087
Download the Fanport app now!
Appstore Badge
Google Play Badge 1

ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ വിജയവഴികളിലേക്ക് മടങ്ങിയെത്തി റോയൽസും ലയൺസും. റോയൽസ് ഈഗിൾസിനെ ഒൻപത് വിക്കറ്റിനും ലയൺസ് പാന്തേഴ്സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്. റോയൽസ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ലയൺസ് രണ്ടാം സ്ഥാനത്തുമാണ്.

1000107533

ലയൺസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഓപ്പണർ വത്സൽ ഗോവിന്ദിൻ്റെയും ക്യാപ്റ്റൻ അബ്ദുൾ ബാസിതിൻ്റെയും ഇന്നിങ്സുകളാണ് പാന്തേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വത്സൽ ഗോവിന്ദ് 57 പന്തുകളിൽ 73 റൺസും അബ്ദുൾ ബാസിത് 13 പന്തുകളിൽ 30 റൺസും നേടി.ലയൺസിന് വേണ്ടി ഹരികൃഷ്ണൻ മൂന്നും ഷറഫുദ്ദീൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് ആൽഫി ഫ്രാൻസിസിൻ്റെ തകർപ്പൻ പ്രകടനമാണ് മുതൽക്കൂട്ടായത്. 22 പന്തുകളിൽ നാല് ഫോറും ആറ് സിക്സും അടക്കം 59 റൺസാണ് ആൽഫി നേടിയത്. ഗോവിന്ദ് പൈ 49 റൺസുമായി പുറത്താകാതെ നിന്നു. 25 റൺസെടുത്ത അഭിഷേക് നായരും 20 റൺസെടുത്ത അശ്വിൻ ആനന്ദും ലയൺസ് ബാറ്റിങ് നിരയിൽ തിളങ്ങി. നാലോവർ ബാക്കി നില്ക്കെ ലയൺസ് ലക്ഷ്യത്തിലെത്തി.

രണ്ടാം മല്സരത്തിൽ ജോബിൻ ജോബിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് റോയൽസിന് അനായാസ വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഈഗിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. അനന്തകൃഷ്ണനും ഭരത് സൂര്യയ്ക്കുമൊപ്പം ചേർന്ന് വിഷ്ണുരാജ് മികച്ച തുടക്കം നല്കിയെങ്കിലും തുടർന്നെത്തിയവർക്ക് മുൻതൂക്കം നിലനിർത്താനാവാതെ പോയത് ഈഗിൾസിന് തിരിച്ചടിയായി. വിഷ്ണുരാജ് 36 പന്തുകളിൽ നിന്ന് 50 റൺസെടുത്തു. അനന്തകൃഷ്ണൻ 31ഉം ഭരത് സൂര്യ 34ഉം റൺസ് നേടി. റോയൽസിന് വേണ്ടി ഫാസിൽ ഫാനൂസും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ ബോർഡ് തുറക്കും മുൻപെ രോഹിത് കെ ആർ പുറത്തായെങ്കിലും വിപുൽ ശക്തി – ജോബിൻ ജോബി കൂട്ടുകെട്ട് വീണ്ടുമൊരിക്കൽക്കൂടി റോയൽസിന് കരുത്തായി. ഇരുവരും ചേർന്നുള്ള 176 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് 15.4 ഓവറിൽ റോയൽസിനെ വിജയത്തിലെത്തിച്ചു. ജോബിൻ 52 പന്തുകളിൽ നിന്ന് ആറ് ഫോറും 11 സിക്സുമടക്കം 107 റൺസുമായി പുറത്താതെ നിന്നു. വിപുൽ ശക്തി പുറത്താകാതെ 58 റൺസ് നേടി.