കെസിഎ പ്രസിഡൻ്റ്സ് കപ്പിന് തുടക്കം, ആദ്യ ദിവസത്തെ മല്സരങ്ങളിൽ റോയൽസിനും ലയൺസിനും വിജയം

Newsroom

Picsart 25 03 06 01 04 34 748
Download the Fanport app now!
Appstore Badge
Google Play Badge 1

ആലപ്പുഴ : രഞ്ജി ട്രോഫിയിലെ ഉജ്ജ്വല പ്രകടനത്തിൻ്റെ ആവേശമടങ്ങും മുൻപെ കേരള ക്രിക്കറ്റിൽ പുതിയ സീസൻ്റെ വരവറിയിച്ച് കെസിഎ പ്രസിഡൻ്റ്സ് കപ്പിന് തുടക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച താരങ്ങൾ ഉൾപ്പെടുന്ന അഞ്ച് ടീമുകളാണ് ടൂർണ്ണമെൻ്റിൽ ഏറ്റുമുട്ടുന്നത്. ട്വൻ്റി 20 ഫോർമാറ്റിലാണ് മല്സരങ്ങൾ. ആദ്യ ദിവസത്തെ മല്സരങ്ങളിൽ കെസിഎ റോയൽസും കെസിഎ ലയൺസും വിജയിച്ചു.

ആദ്യ മല്സരത്തിൽ കെസിഎ ലയൺസ് കെസിഎ ടൈഗേഴ്സിനെ 14 റൺസിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലയൺസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ക്യാപ്റ്റൻ വരുൺ നായനാരുടെയും ഗോവിന്ദ് പൈയുടെയും മികച്ച ബാറ്റിങ്ങാണ് ലയൺസിന് മികച്ച സ്കോർ സമ്മാനിച്ചത്. 33 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം വരുൺ 55 റൺസെടുത്തപ്പോൾ ഗോവിന്ദ് പൈ 27 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 46 റൺസെടുത്തു. ടൈഗേഴ്സിന് വേണ്ടി നിഖിലും സുധേശൻ മിഥുനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈഗേഴ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടാനായത്. 33 പന്തുകളിൽ നിന്ന് 50 റൺസുമായി പുറത്താകാതെ നിന്ന നിഖിലാണ് ടൈഗേഴ്സിൻ്റെ ടോപ് സ്കോറർ. ലയൻസിന് വേണ്ടി ഷറഫുദ്ദീൻ, വിനയ് വർഗീസ്, ഹരികൃഷ്ണൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാമത്തെ മല്സരത്തിൽ കെസിഎ പാന്തേഴ്സിനെതിരെ 37 റൺസിനായിരുന്നു കെസിഎ റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സ് 19.1 ഓവറിൽ 145 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 48 പന്തുകളിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 76 റൺസെടുത്ത ഓപ്പണർ റിയ ബഷീറാണ് റോയൽസിൻ്റെ ടോപ് സ്കോറർ.നിഖിൽ തോട്ടത്ത് 53 റൺസെടുത്തു. പാന്തേഴ്സിന് വേണ്ടി അഖിൻ സത്താർ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് വത്സൽ ഗോവിന്ദും പവൻ ശ്രീധറും ചേർന്ന് മികച്ച തുടക്കം നല്കിയെങ്കിലും തുടർന്നെത്തിയവർ നിരാശപ്പെടുത്തി. വത്സൽ ഗോവിന്ദ് 40ഉം പവൻ ശ്രീധർ 44ഉം റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ അഫ്രദ് നാസറാണ് റോയൽസ് ബൌളിങ് നിരയിൽ തിളങ്ങിയത്. ഷോൺ റോജറും ജെറിൻ പി എസും രണ്ട് വിക്കറ്റ് വീതവും നേടി