കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വിജയവുമായി എമറാൾഡ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആംബറിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു എമറാൾഡിൻ്റെ വിജയം. മറ്റൊരു മല്സ്രത്തിൽ പേൾസ് റൂബിയെ ആറ് റൺസിന് തോല്പിച്ചു.
റൂബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസാണ് എടുത്തത്. ക്യാപ്റ്റൻ ഷാനിയും ശ്രദ്ധ സുമേഷും ചേർന്ന 72 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പേൾസിൻ്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. ഷാനി 37ഉം ശ്രദ്ധ 43ഉം റൺസെടുത്തു. റൂബിക്ക് വേണ്ടി കിരൺ ജോസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് വേണ്ടി ഓപ്പണർ അഷിമ ആൻ്റണി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അഷിമ 31 റൺസെടുത്തപ്പോൾ, മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ മടങ്ങി. ഒടുവിൽ റൂബിയുടെ മറുപടി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 101 റൺസിൽ അവസാനിച്ചു.ടൂർണ്ണമെൻ്റിൽ റൂബിയുടെ തുടർച്ചയായ ആറാം തോൽവിയാണ് ഇത്.
രണ്ടാം മല്സരത്തിൽ, കരുത്തന്മാർ തമ്മിലുള്ള പോരാട്ടത്തിൽ അനായാസമായിരുന്നു എമറാൾഡിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആംബറിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 83 റൺശ് മാത്രമാണ് നേടാനായത്. 23 റൺസുമായി പുറത്താകാതെ നിന്ന അൽഷിഫ്ന മാത്രമാണ് ആംബർ ബാറ്റിങ് നിരയിൽ തിളങ്ങിയത്. എമറാൾഡിന് വേണ്ടി ഇഷിത ഷാനിയും അലീന എംപിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് എട്ട് ഓവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. 36 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ നജ്ല നൌഷാദിൻ്റെ പ്രകടനമാണ് എമറൾഡിൻ്റെ വിജയം അനായാസമാക്കിയത്. ആംബറിന് വണ്ടി ഐശ്വര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.