കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ എമറാൾഡിനും ആംബറിനും വിജയം. സാഫയറിനെ 20 റൺസിനാണ് എമറാൾഡ് കീഴടക്കിയത്. രണ്ടാം മല്സരത്തിൽ ആംബർ ഏഴ് റൺസിനാണ് റൂബിയെ തോല്പിച്ചത്.

സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് ക്യാപ്റ്റൻ നജ്ല നൌഷാദിൻ്റിയെും സായൂജ്യ സലിലൻ്റെയും ഉജ്ജ്ല്വല ബാറ്റിങ്ങാണ് മികച്ച സ്കോർ സമ്മാനിച്ചത്. എമറാൾഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. നജ്ലയും സായൂജ്യയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 92 റൺസ് പിറന്നു. നജ്ല 38 പന്തുകളിൽ നിന്ന് 47 റൺസും സായൂജ്യ 28 പന്തുകളിൽ നിന്ന് 54 റൺസും നേടി. അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു സായൂജ്യയുടെ ഇന്നിങ്സ്. സാഫയറിന് വേണ്ടി അഭിരാമി പി ബിനു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയർ ബാറ്റിങ് നിരയിൽ മനസ്വി പോറ്റിയും അനന്യ പ്രദീപും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. മനസ്വിയുടെ തകർപ്പൻ ഇന്നിങ്സ് സാഫയറിന് പ്രതീക്ഷ നല്കിയെങ്കിലും അവരുടെ മറുപടി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 123ൽ അവസാനിച്ചു. മനസ്വി 58 പന്തുകളിൽ 70 റൺസുമായി പുറത്താകാതെ നിന്നു.
മറുവശത്ത് റൂബിക്കെതിരെ ഏഴ് റൺസിൻ്റെ വിജയവുമായി ആംബർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അൻസു സുനിലും ദിയ ഗിരീഷും ചേർന്ന 57 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ആംബറിന് ഭേദപ്പെട്ട സ്കോർ നല്കിയത്. ഇരുവരും 29 റൺസ് വീതം നേടി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർ നിരാശപ്പെടുത്തിയത് തുടക്കത്തിലെ മുൻതൂക്കം നഷ്ടമാക്കി. മികച്ച സ്കോർ പ്രതീക്ഷിച്ച ആംബറിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്.റൂബിക്ക് വേണ്ടി അദില മൂന്നും വിനയ സുരേന്ദ്രൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബി ബാറ്റിങ് നിരയിൽ 37 റൺസെടുത്ത അബിനയും 19 റൺസ് വീതം നേടിയ ക്യാപ്റ്റൻ അഖിലയും, ലക്ഷിതയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മറ്റുള്ളവർ നിറം മങ്ങിയതോടെ റൂബിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 102 റൺസ് മാത്രമാണ് നേടാനായത്.ടൂർണ്ണമെൻ്റിൽ റൂബിയുടെ തുടരെയുള്ള അഞ്ചാം തോൽവിയാണ് ഇത്.