കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനും , RSC SG ക്രിക്കറ്റ് സ്കൂളിനും ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം

Newsroom

1000265304
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനും , RSC SG ക്രിക്കറ്റ് സ്കൂളിനും ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം. ആത്രേയ ക്രിക്കറ്റ് ക്ലബ് 159 റൺസിനാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ തോല്പിച്ചത്. ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ഒൻപത് വിക്കറ്റിന് സസെക്സിനെയും RSC SG ക്രിക്കറ്റ് സ്കൂൾ 124 റൺസിന് വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെയും തോല്പിച്ചു.

Picsart 25 09 12 20 30 00 743

തൊടുപുഴയിലെ കെസിഎ ഗ്രൌണ്ട് രണ്ടിൽ നടന്ന മല്സരത്തിൽ തലേന്നത്തെ സ്കോറായ നാല് വിക്കറ്റിന് 151 റൺസെന്ന നിലയിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. നേരത്തെ 269 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും ടീം സ്വന്തമാക്കിയിരുന്നു. തുടർന്ന് 421 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 261 റൺസിന് ഓൾ ഔട്ടായി. 81 റൺസെടുത്ത മൊഹമ്മദ് ഖാസിം ആണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. അഭിഷേക് അഭി 45ഉം എസ് ആര്യൻ 31ഉം റൺസ് നേടി. ആത്രേയയ്ക്ക് വേണ്ടി ശ്രീഹരി പ്രസാദ് മൂന്നും നവീൻ പ്രതീഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

തൊടുപുഴയിലെ കെസിഎ ഗ്രൌണ്ടേ് ഒന്നിൽ നടന്ന മറ്റൊരു മല്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ഒൻപത് വിക്കറ്റിനായിരുന്നു സസെക്സ് ക്രിക്കറ്റ് ക്ലബ്ബിനെ തോല്പിച്ചത്. സസെക്സിൻ്റെ രണ്ടാം ഇന്നിങ്സ് വെറും 123 റൺസിന് അവസാനിച്ചു. പതിനൊന്നാമനായി ഇറങ്ങി 31 റൺസ് നേടിയ മയൂഖ് തയ്യിലിൻ്റെ പ്രകടനമാണ് സസെക്സിൻ്റെ സ്കോർ 100 കടത്തിയത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി എസ് വി ആദിത്യൻ അഞ്ചും മുകുന്ദ് എൻ മേനോൻ മൂന്നും അഭിനവ് ആർ നായർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. എ ഡി അദിതീശ്വർ 57 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ സസെക്സ് 172ഉം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 187 റൺസുമായിരുന്നു നേടിയത്.

തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിൽ നടന്ന മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂൾ 124 റൺസിന് വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെ തോല്പിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടർന്ന RSC SG ക്രിക്കറ്റ് സ്കൂൾ 241 റൺസിന് ഓൾഔട്ടായി. ശ്രാവൺ സി പണിക്കർ 42ഉം മിഥുൻ കൃഷ്ണ 82ഉം ദേവതീർഥ് 40ഉം റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് 99 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. RSC SG ക്രിക്കറ്റ് സ്കൂളിന് വേണ്ടി ശിവദത്ത് സുധീഷ് നാലും ശിവാങ്ക് ജയേഷ് മൂന്നും അദ്വൈത് വിജയ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ RSC SG ക്രിക്കറ്റ് സ്കൂൾ 140ഉം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് 158ഉം റൺസായിരുന്നു നേടിയത്.