കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമാണ് ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ത്രിദിന ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ഓരോ വാരാന്ത്യങ്ങളിലും മൂന്ന് മല്സരങ്ങൾ വീതമാണ് ഉള്ളത്.

ആദ്യ ആഴ്ചയിലെ മല്സരങ്ങളിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് തൃശൂർ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെയും, RSC SG ക്രിക്കറ്റ് സ്കൂൾ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെയും , സസക്സ് ക്രിക്കറ്റ് ക്ലബ്ബ് , ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയുമാണ് നേരിടുന്നത്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബാറ്റ് ചെയ്യുന്ന ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 366 റൺസെന്ന നിലയിലാണ്. ഓപ്പണർ വിശാൽ ജോർജിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് ആത്രേയ ക്ലബ്ബിനെ ശക്തമായ നിലയിലെത്തിച്ചത്. വിശാൽ 147ഉം ബെൻവിൻ കന്നൈക്കൽ 56ഉം റൺസെടുത്തു.തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി എസ് ആര്യനും ഭരത് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു മല്സരത്തിൽ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത RSC SG ക്രിക്കറ്റ് സ്കൂൾ 140 റൺസിന് ഓൾഔട്ടായി. വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ നൈജിൻ പ്രവിലാലിൻ്റെ ഉജ്ജ്വല ബൌളിങ്ങാണ് മല്സരത്തിൽ ശ്രദ്ധേയമായത്. ഇന്നിങ്സിലെ ഒൻപത് വിക്കറ്റും വീഴ്ത്തിയ നൈജിൻ്റെ ബൌളിങ് മികവാണ് എതിർ ബാറ്റിങ് നിരയെ തകർത്തത്. 46 റൺസെടുത്ത അദ്വൈത് വിജയ് മാത്രമാണ് RSC SG ക്രിക്കറ്റ് സ്കൂളിൻ്റെ ബാറ്റിങ് നിരയിൽ പിടിച്ചുനിന്നത്.
ലിറ്റിൽ മാസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത സസെക്സ് ക്രിക്കറ്റ് ക്ലബ്ബ് 172 റൺസിന് ഓൾ ഔട്ടായി. പത്താമനായി ഇറങ്ങി 51 റൺസുമായി പുറത്താകാതെ നിന്ന ഓൾ റൌണ്ടർ ദേവനാരായൺ ആണ് സസെക്സിൻ്റെ ടോപ് സ്കോറർ. കെ ആര്യൻ 30ഉം മുഹമ്മദ് റെഹാൻ 27ഉം റൺസെടുത്തു. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അക്ഷയ് പ്രശാന്ത് നാലും എസ് വി ആദിത്യൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.