കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഫോളോ ഓൺ വഴങ്ങി സസെക്സ് ക്രിക്കറ്റ് ക്ലബ്ബ്. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട സസെക്സ് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്.മറ്റൊരു മല്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ രണ്ട് റൺസിൻ്റെ ലീഡ് സ്വന്തമാക്കി.വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 15 റൺസിൻ്റെ ലീഡും നേടി.
തൊടുപുഴയിലെ കെസിഎ ഗ്രൌണ്ടിൽ നടക്കുന്ന മല്സരത്തിൽ സസെക്സിനെതിരെ 349 റൺസാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ഇന്നിങ്സിൽ നേടിയത്. 151 റൺസ് നേടിയ കെ എസ് നവനീതിൻ്റെയും 74 റൺസ് നേടിയ ശ്രീഹരി പ്രസാദിൻ്റെയും ഇന്നിങ്സുകളാണ് ആത്രേയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സസെസ്കിൻ്റെ ഇന്നിങ്സ് 162ന് അവസാനിച്ചു. 53 റൺസെടുത്ത കെ ആര്യനും 34 റൺസെടുത്ത ശ്രീഹരി ശശിയും മാത്രമാണ് സസെക്സ് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. ആത്രേയക്ക് വേണ്ടി കെ എസ് നവനീതും മൊഹമ്മദ് ഷഹീനും രണ്ട് വിക്കറ്റ് വീതം വീഴത്തി. ഫോളോ ഓൺ ചെയ്ത് വീണ്ടും ബാറ്റിങ് തുടങ്ങിയ സസെക്സ് അഞ്ച് വിക്കറ്റിന് 94 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സസെക്സിന് 93 റൺസ് കൂടി വേണം.
മറ്റൊരു മല്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി. RSC SGയുടെ സ്കോറായ 214 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് 212ന് ഓൾ ഔട്ടായി. 53 റൺസെടുത്ത ബി ദേവർഷും 46 റൺസെടുത്ത ജൊഹാൻ ജിക്കുപാലുമാണ് ലിറ്റിൽ മാസ്റ്റേഴ്സ് നിലയിൽ തിളങ്ങിയത്. RSC SGയ്ക്ക് വേണ്ടി ശിവദത്ത് സുധീഷ് നാലും ശ്രേയസ് ബി മേനോനും ആർ അശ്വിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ RSC SG ക്രിക്കറ്റ് സ്കൂൾ മൂന്ന് വിക്കറ്റിന് 55 റൺസെന്ന നിലയിലാണ്. കെസിഎ മംഗലപുരം സ്റ്റേഡിയത്തിലാണ് മല്സരം നടക്കുന്നത്.
തൊടുപുഴ കെസിഎ ഗ്രൌണ്ട് രണ്ടിൽ നടക്കുന്ന മല്സരത്തിൽ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 15 റൺസിൻ്റെ ലീഡ് നേടി. തൃപ്പൂണിത്തുറയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 291 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ വിൻ്റേജിൻ്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റിന് 276ൽ അവസാനിച്ചു. 110 റൺസ് നേടിയ ഓപ്പണർ ഡാരിൻ സ്കറിയയുടെ പ്രകടനമാണ് വിൻ്റേജ് ബാറ്റിങ് നിരയിൽ ശ്രദ്ധേയമായത്. അർമാൻ നിജി 37ഉം നിജികേത് കൃഷ്ണ 32ഉം റൺസെടുത്തു. തൃപ്പൂണിത്തുറയ്ക്ക് വേണ്ടി മാധവ് വിനോദ് നാലും ശിവസൂര്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.