രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ തിരികെ വരുന്നു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി എങ്കിൽ രണ്ടാം സെഷനിൽ അവർ ഒരു വിക്കറ്റ് പോലും നൽകിയില്ല. 24-3 എന്ന നിലയിൽ തുടക്കത്തിൽ പതറിയ വിദർഭ ഇപ്പോൾ 170-3 എന്ന ശക്തമായ നിലയിലാണ്.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.
16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. ഇരുവരും ഒരു അവസരം പോലും നൽകാതെയാണ് കളിക്കുന്നത്. 104 റൺസുമായി മലേവാറും 47 റൺസുമായി കരുൺ നായറും ഇപ്പോഴും ക്രീസിൽ നിൽക്കുന്നു.

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു.