കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി, കേരളത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി കർണ്ണാടക

Newsroom

Picsart 25 11 02 17 31 18 272
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റിന് 586 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു കർണ്ണാടക. ഇരട്ട സെഞ്ച്വറികൾ നേടിയ കരുൺ നായരുടെയും ആർ സ്മരണിൻ്റെയും ഇന്നിങ്സുകളാണ് കർണ്ണാടകയെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്.

1000316440

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണ്ണാടക രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. കരുതലോടെ ബാറ്റിങ് തുടർന്ന കരുൺ നായരും ആർ സ്മരണും കേരളത്തിൻ്റെ ബൌളർമാർക്ക് ഒരവസരവും നല്കിയില്ല. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആദ്യ സെഷൻ പൂർത്തിയാക്കിയ കർണ്ണാടക ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 409 റൺസെന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷവും മികച്ച ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് 343 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതിനിടയിൽ കരുൺ നായർ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി. 233 റൺസെടുത്ത കരുണിനെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 25 ബൌണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്.

തുടർന്നെത്തിയ അഭിനവ് മനോഹർക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ആർ സ്മരൺ വൈകാതെ ഇരട്ട സെഞ്ച്വറി തികച്ചു. 20 റൺസെടുത്ത അഭിനവ് മനോഹറെ വൈശാഖ് ചന്ദ്രൻ പുറത്താക്കി. ഏഴാമനായെത്തിയ ശ്രേയസ് ഗോപാലും സ്മരണും അനായാസം ബാറ്റ് ചെയ്ത് മുന്നേറുമ്പോഴാണ് കർണ്ണാടക ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. സ്മരൺ 220ഉം ശ്രേയസ് ഗോപാൽ 16ഉം റൺസുമായി പുറത്താകാതെ നിന്നു. 16 ബൌണ്ടറികളും മൂന്ന് സിക്സുമടക്കമാണ് സ്മരൺ 220 റൺസ് നേടിയത്. കേരളത്തിന് വേണ്ടി ബേസിൽ എൻ പി രണ്ടും നിധീഷ്, വൈശാഖ് ചന്ദ്രൻ,ബാബ അപരാജിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

തുടർന്ന് മറുപടി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. കൃഷ്ണപ്രസാദും ബേസിൽ എൻപിയും ചേർന്നായിരുന്നു കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. നാല് റൺസെടുത്ത കൃഷ്ണപ്രസാദിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. വൈശാഖിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് കൃഷ്ണപ്രസാദ് പുറത്തായത്. തുടർന്നെത്തിയ നിധീഷ് എം ഡിയും വൈശാഖ് ചന്ദ്രനും അക്കൌണ്ട് തുറക്കാതെ മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്. കളി നിർത്തുമ്പോൾ 11 റൺസോടെ ബേസിൽ എൻ പിയും ആറ് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.