ഇന്ത്യൻ അണ്ടർ 19 താരങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കപിൽദേവും അസ്ഹറും

- Advertisement -

അണ്ടർ 19 ലോകകപ്പ് ഫൈനലിന് ശേഷം ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ ഇന്ത്യൻ യുവതാരങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടുകൊണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ കപിൽ ദേവും മുഹമ്മദ് അസ്ഹറുദീനും രംഗത്ത്. മത്സരത്തിൽ ബംഗ്ലാദേശ് മഴ നിയമത്തിലൂടെ ജയിച്ചതിന് പിന്നാലെ ഗ്രൗണ്ടിൽ എത്തിയ ബംഗ്ലാദേശ് താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് രണ്ട് ഇന്ത്യൻ താരങ്ങൾ അടക്കം അഞ്ച് താരങ്ങൾക്കെതിരെ ഐ.സി.സി ശിക്ഷ നടപടികൾ പ്രഖ്യാപിച്ചിരുന്നു.

ഈ വിഷയത്തിൽ ബി.സി.സി.ഐ ശക്തമായി ഇടപെടണമെന്നും ക്രിക്കറ്റിൽ എതിരാളികളെ അപമാനിക്കുന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലെന്നും കപിൽ ദേവ് പറഞ്ഞു. ക്രിക്കറ്റിൽ ആക്രമണോത്സുകത നല്ലതാണെന്നും എന്നാൽ അതിന് ഒരു പരിധി ഉണ്ടെന്നും കപിൽ ദേവ് ഓർമിപ്പിച്ചു. യുവതാരങ്ങൾ ഗ്രൗണ്ടിൽ ഇത്തരത്തിൽ കാര്യങ്ങൾ ചെയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കപിൽ ദേവ് പറഞ്ഞു.

അണ്ടർ 19 താരങ്ങൾക്കെതിരെ തീർച്ചയായും നടപടി എടുക്കണമെന്നും താരങ്ങളെ കാര്യങ്ങൾ മനസ്സിലാക്കിക്കുന്നതിൽ സപ്പോർട്ടിങ് സ്റ്റാഫിന്റെ റോൾ എന്താണെന്ന് പരിശോധിക്കണമെന്നും അസ്ഹർ പറഞ്ഞു. താരങ്ങൾ അച്ചടക്കം കാണിക്കണമെന്നും ഒരുപാട് വൈകുന്നതിന് മുൻപ് തന്നെ യുവതാരങ്ങൾക്കെതിരെ നടപടി വേണമെന്നും അസ്ഹർ പറഞ്ഞു.

Advertisement