കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇന്ന് ഇറങ്ങും (23-11-2025). കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയാണ് എതിരാളി. മലപ്പുറത്തിന് എതിരെ നടന്ന മത്സരത്തില്‍ കനത്ത മഴയിലും തോരാതെ നിന്ന കണ്ണൂരിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി കണ്ണൂരിന് വിജയം അനിവാര്യമാണ്.

ഗ്യാലറിയിലെ എല്ലാ ടിക്കറ്റുകള്‍ക്കും 100 രൂപയാണ്. ആദ്യ കണ്ട് മത്സരങ്ങള്‍ക്കുണ്ടായിരുന്ന സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമുള്ള സൗജന്യ പ്രവേശനം അനിയന്ത്രിത തിരക്കിനെ തുടര്‍ന്ന് അധികാരികളുടെ നിര്‍ദേശ പ്രകാരം കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍ത്തലാക്കിയിരുന്നു. മത്സരം കാണാനെത്തുന്നവര്‍ക്ക് വൈകീട്ട് 5.00 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.
7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. കഴിഞ്ഞ മത്സരത്തില്‍ 17,000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും വിവിധ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അത് വഴി കൃത്യമായി കളികാണാനെത്തുന്നവര്‍ക്ക് ഗെയിറ്റുകള്‍ കണ്ടെത്താന്‍ സാധിക്കും. ഓഫ്‌ലൈനില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സ്റ്റേഡിയത്തില്‍ മാധവി മെഡിക്കല്‍ സ്റ്റോറിന് എതിര്‍വശവും കൂള്‍ ലാന്‍ഡ് ഐസ്‌ക്രീം പാര്‍ലറിന് സമീപവും രണ്ട് ബോക്‌സ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 7.00 മണി വരെയായിരിക്കും ബോക്‌സ് ഓഫീസ് പ്രവര്‍ത്തിക്കുക.
സ്റ്റേഡിയത്തിലെ നിരോധിത വസ്തുക്കള്‍
പവര്‍ ബാങ്ക്, സിഗരറ്റ് & ലൈറ്റര്‍, സെല്‍ഫി സ്റ്റിക്ക്, കോയിന്‍സ്, വിസില്‍, ഗ്ലാസ് കുപ്പികള്‍, കുട, ഹെല്‍മറ്റ്, ഡി.എസ്.എല്‍.ആര്‍ ക്യാമറ, ആയുധങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, ലേയ്‌സര്‍, ലഹരി ഉല്‍പ്പന്നങ്ങള്‍, മദ്യം, വീഡിയോ ക്യാമറ, ഡ്രോണ്‍സ്, ടിന്‍ & ക്യാന്‍സ്, സംഗീത ഉപകരണങ്ങള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍, പടക്കങ്ങള്‍ എന്നീ വസ്തുക്കള്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുകയില്ല.
പാര്‍ക്കിംങ്
മത്സരം കാണാനെത്തുന്നവര്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള പാര്‍ക്കിംങുകള്‍ ഉപയോഗപ്പെടുത്താം. അതോടൊപ്പം കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മള്‍ട്ടിലവല്‍ പാര്‍ക്കിംങ് കേന്ദ്രവും പഴയ ബസ്റ്റാന്‍ഡിലെ പാര്‍ക്കിംങും ഉപയോഗപ്പെടുത്താം.














