പാകിസ്ഥാൻ ഏകദിന ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് പോകില്ല എന്നതു പോലുള്ള വലിയ തീരുമാനങ്ങൾ ഒന്നും എടുക്കരുത് എന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരുന്നില്ല എങ്കിൽ ആ ടൂർണമെന്റ് ദുബൈയിലേക്ക് മാറ്റുകയാണ് പാകിസ്താൻ ചെയ്യേണ്ടത് എന്നും കനേരിയ പറഞ്ഞു.
“ഇന്ത്യ തീർച്ചയായും പാകിസ്ഥാൻ സന്ദർശിക്കില്ല. ഇന്ത്യയെ കൂടാതെ ടൂർണമെന്റ് നടത്താമെന്ന് പാകിസ്ഥാൻ കരുതുന്നുവെങ്കിൽ അവർ മുന്നോട്ട് പോകണം. എന്നാൽ പാകിസ്ഥാൻ ലോകകപ്പിന് പോകാത്തത് ശരിയായ നടപടിയല്ല,” കനേരിയ പറഞ്ഞു.
ഒരു ഐസിസി ഇവന്റ് ലോകകപ്പിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ പാകിസ്ഥാന് നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യ കളിക്കാൻ വിസമ്മതിച്ചാൽ, പാകിസ്ഥാൻ തങ്ങൾക്ക് ഇനിയും മതിയായ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ, ഏഷ്യാ കപ്പ് ടൂർണമെന്റുമായി മുന്നോട്ട് പോകണം. എന്നിരുന്നാലും, ദുബായിൽ ടൂർണമെന്റ് നടത്തുന്നത് പാകിസ്ഥാൻ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം”കനേരിയ കൂട്ടിച്ചേർത്തു.