കെയ്ൻ വില്യംസൺ ന്യൂസിലൻഡ് വൈറ്റ്-ബോൾ ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ലോകകപ്പിലെ നിരാശയാർന്ന പ്രകടനങ്ങൾക്ക് പിന്നാലെ ആയിരുന്നു വില്യംസന്റെ തീരുമാനം. 2024-25 സീസണിലേക്കുള്ള ബോർഡിൽ നിന്നുള്ള കേന്ദ്ര കരാറും കെയ്ൻ വില്യംസൺ നിരസിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വില്യംസൺ എടുത്ത തീരുമാനം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ന് പ്രഖ്യാപിച്ചു. കൂടുതൽ കാലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എന്നാണ് വില്യംസൺ പറയുന്നത്.
കരാർ സ്വീകരിക്കാതിരുന്നത് കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കാൻ വേണ്ടിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് താൽപ്പര്യം നഷ്ടപ്പെട്ടതായി തൻ്റെ തീരുമാനത്തെ വ്യാഖ്യാനിക്കരുതെന്നും ഭാവിയിൽ ഒരു കേന്ദ്ര കരാർ അംഗീകരിക്കാൻ താൻ തയ്യാറാണെന്നും വില്യംസൺ പറഞ്ഞു.
തൻ്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്നത് തനിക്ക് ഇപ്പോൾ കൂടുതൽ പ്രധാനപ്പെട്ട കാര്യമാണെന്ന് വില്യംസൺ പറഞ്ഞു. “ന്യൂസിലൻഡിനായി കളിക്കുന്നത് ഞാൻ നിധിപോലെ കരുതുന്ന ഒന്നാണ്, എന്നിരുന്നാലും, ക്രിക്കറ്റിന് പുറത്തുള്ള എൻ്റെ ജീവിതം മാറിയിരിക്കുന്നു – എൻ്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും അവരോടൊപ്പം സ്വദേശത്തോ വിദേശത്തോ ഉള്ള അനുഭവങ്ങൾ ആസ്വദിക്കുന്നതും എനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യമാണ്.” അദ്ദേഹം പറഞ്ഞു.