മുൻ സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാനും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളുമായ ജോണ്ടി റോഡ്‌സ് ഇന്ത്യയുടെ ഫീൽഡിങ് പരിശീലകനാവാൻ അപേക്ഷ നൽകി. വെസ്റ്റിൻഡീസ് പാരമ്പരയോട് കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി കഴിയുന്നതോടെ ബി.സി.സി.ഐ പുതിയ സ്റ്റാഫുകൾക്ക് വേണ്ടി അപേക്ഷകൾ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യ നേടിയ നേട്ടങ്ങളോട് തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞ റോഡ്‌സ് ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിടുന്ന ടീമായി മാറണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. നേരത്തെ ഐ.പി.എല്ലിൽ ടീമിന്റെ ഫീൽഡിങ് കോച്ചായി നിന്ന അനുഭവം റോഡ്‌സിന് ഉണ്ട്. 9 വർഷത്തോളം 4 തവണ ഐ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിങ് കോച്ച് ആയിരുന്നു ജോണ്ടി റോഡ്‌സ്. ഇപ്പോൾ നിലവിൽ രാമകൃഷ്ണൻ ശ്രീധർ ആണ് ഇന്ത്യയുടെ ഫീൽഡിങ് കോച്ച്.
1990കളിൽ ക്രിക്കറ്റിൽ ഉണ്ടായ ഫീൽഡിങ് വിപ്ലവത്തിന് തുടക്കം കുറിച്ച ഒരു താരമാണ് ജോണ്ടി റോഡ്‌സ്. 1992 ലോകകപ്പിൽ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖിനെ റൺ ഔട്ട് ആക്കിയ ചിത്രം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാൻ ഇടയില്ല.