അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി – ജോ റൂട്ട്

Sports Correspondent

ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയ അവസരങ്ങളാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ടീം നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സില്‍ ചില താരങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ അവര്‍ക്കായില്ലെന്ന് റൂട്ട് പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 450ന് മുകളിലുള്ള സ്കോറുണ്ടായിരുന്നുവെങ്കില്‍ മത്സര ഫലം മറ്റൊന്നായേനെയെന്നും റൂട്ട് വ്യക്തമാക്കി.

അവരുടെ രണ്ട് താരങ്ങള്‍ വളരെ വലിയ സംഭാവന നല്‍കിയത് വിസ്മരിക്കാനാകില്ലെന്നും റൂട്ട് അഭിപ്രായപ്പെട്ടു. ഒട്ടേറെ മികച്ച കാര്യം ഇംഗ്ലണ്ട് ചെയ്തുവെങ്കിലും അത് വളരെയധികം നേരം ചെയ്യുവാന്‍ ടീമിന് സാധിച്ചില്ലെന്നത് തിരിച്ചടിയായെന്ന് ഇംഗ്ലണ്ട് നായകന്‍ സൂചിപ്പിച്ചു.

മികച്ച ടോസാണ് വിജയിച്ചതെങ്കിലും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാനാകാതെ പോയത് ടീമിന് തിരിച്ചടിയായെന്നും റൂട്ട് വ്യക്തമാക്കി. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇംഗ്ലണ്ട് ഇനിയും കഠിന പ്രയത്നം ചെയ്യാനുണ്ടെന്നും തങ്ങളെ സ്വയം വിശ്വസിക്കേണ്ടതായുമുണ്ടെന്ന് റൂട്ട് വ്യക്തമാക്കി.