സിബ്ലേയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം – ജോ റൂട്ട്

Sports Correspondent

ടോപ് ഓര്‍ഡറില്‍ ഇംഗ്ലണ്ട് എന്താണോ ഡൊമിനിക് സിബ്ലേയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള പ്രകടനം ആണ് താരം പുറത്തെടുത്തതെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ട് ടോപ് ഓര്‍ഡറില്‍ സിബ്ലേ വലിയ സ്കോര്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്, അത് സാധ്യമാക്കി താരം ടീമിന്റെ പ്രതീക്ഷ കാത്ത് രക്ഷിച്ചുവെന്നും റൂട്ട് സൂചിപ്പിച്ചു.

താരത്തിനൊപ്പം സ്റ്റോക്സിന്റെ മിന്നും പ്രകടനം കൂടിയായപ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ബാറ്റിംഗ് കരുത്ത് തെളിയിച്ചുവെന്നും റൂട്ട് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്ന് തവണയും 400നു മേല്‍ സ്കോര്‍ ചെയ്തിട്ടുണ്ടെന്നത് ടീമിന്റെ ബാറ്റിംഗ് കരുത്ത് കാണിക്കുന്നുവെന്നും റൂട്ട് പറഞ്ഞു.

അഞ്ചാം ദിവസം മൂന്ന് ഫലങ്ങളും സാധ്യമായിരുന്നുവെന്നും മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും റൂട്ട് വ്യക്തമാക്കി.