ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും തങ്ങള്‍ അതില്‍ സംതൃപ്തരാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തില്‍ സംതൃപ്തരാണെന്നും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മികച്ച ഓപ്പണിംഗ് ജോഡിയായി ബേണ്‍സ് പരിഗണിക്കപ്പെടുകയാണെന്നും ഹോന്‍സ് പറഞ്ഞു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ടൂറുകളില്‍ താരമാകണം പരിഗണനയിലെന്ന് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ പരമ്പര ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട സാഹചര്യമാണെങ്കിലും ഇപ്പോളത്തെ നിലയില്‍ ജോ ബേണ്‍സ് തന്നെയാവും ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണറെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ വ്യക്തമാക്കി.
ഇതിന് മുമ്പ് ഓസ്ട്രേലിയ മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ആരോണ്‍ ഫിഞ്ച് എന്നിവരെ വാര്‍ണര്‍ക്കൊപ്പം പരീക്ഷിച്ചുവെങ്കിലും ജോ ബേണ്‍സ് ആണ് ഒന്നാം നമ്പര്‍ ചോയിസ് എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഉസ്മാന്‍ ഖവാജയ്ക്ക് വേണമെങ്കില്‍ ബേണ്‍സിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്നും ഹോന്‍സ് സൂചിപ്പിച്ചു.
ഉസ്മാന്‍ ഈ ദൗത്യം ഏറ്റെടുക്കാനാകുമെന്ന് ഉറപ്പായും നമുക്ക് നിശ്ചയമുണ്ട്. എന്നാല്‍ അതിന് മുമ്പ് ആഭ്യന്തര തലത്തില്‍ എത്തരത്തിലുള്ള തിരിച്ചുവരവാണ് ഉസ്മാന്‍ ഖവാജ നടത്തുന്നതെന്നതിനെ ആശ്രയിച്ചായിരിക്കും ഈ തീരുമാനമെന്നും ഹോന്‍സ് വ്യക്തമാക്കി. ഉസ്മാന്‍ ഭാവിയില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യില്ല എന്ന് പറയുവാന്‍ യാതൊരുവിധത്തിലുമുള്ള കാരണങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.