ബറോഡയില്‍ നിന്ന് ജമ്മു & കാശ്മീരിനു വേണ്ടി അടുത്ത സീസണ്‍ മുതല്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഇര്‍ഫാന്‍ പത്താന്റെ മോഹങ്ങള്‍ക്ക് ഇന്ന് തീരുമാനം. ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസ്സിയേഷനുമായി പ്രാരംഭ ചര്‍ച്ചകള്‍ താരം നടത്തിയെങ്കിലും അന്തിമ തീരുമാനം അസോസ്സിയേഷന്‍ ഇന്നാവും എടുക്കുക. ബറോഡയില്‍ നിന്ന് എന്‍ഒസി നേരത്തെ തന്നെ വാങ്ങിയ പത്താന്‍ ജമ്മു കാശ്മീരില്‍ കളിക്കാരനും മെന്ററുമായും പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്.
ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ തലവന്‍ ആഷിക് ഹുസൈന്‍ ബുഖാരി വിദേശത്തായതിനാലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വൈകുന്നത് എന്നാണ് അറിയുന്നത്. ഇന്ന് ബുഖാരി തിരികെ മടങ്ങിയെത്തിയ ശേഷം അസോസ്സിയേഷന്‍ ഇതിന്മേല്‍ അനുകൂല തീരുമാനം എടുക്കും. സീസണ്‍ തുടക്കത്തില്‍ ബറോഡ ക്യാപ്റ്റനായി ഇര്‍ഫാനെ നിയമിച്ചുവെങ്കിലും രണ്ട് മത്സരങ്ങള്‍ക്ക് ശേഷം താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
2012ല്‍ ആണ് ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളുമാണ് പത്താന്‍ ഇന്ത്യയ്ക്കായി കളിച്ചിരുന്നത്. ഒരു കാലത്ത് ഇന്ത്യയിലെ മികച്ച ഓള്‍റൗണ്ടര്‍ ആയി വാഴ്ത്തപ്പെട്ടയാളായിരുന്നു പത്താന്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial