പുനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ ഹരിയാനയെ 69 റൺസിന് പരാജയപ്പെടുത്തി ജാർഖണ്ഡ് തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം സ്വന്തമാക്കി. നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ച്വറിയും വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ജാർഖണ്ഡിന് ചരിത്രവിജയം സമ്മാനിച്ചത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഹരിയാനയ്ക്ക് വിരാട് സിംഗിനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ സാധിച്ചെങ്കിലും, പിന്നീട് ഇഷാൻ കിഷനും കുശാഗ്രയും ചേർന്നുള്ള റെക്കോർഡ് പ്രകടനത്തിന് മുന്നിൽ അവർ നിസ്സഹായരായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 177 റൺസാണ് അടിച്ചുകൂട്ടിയത്.

നായകൻ ഇഷാൻ കിഷൻ 49 പന്തിൽ നിന്ന് 6 ഫോറുകളും 10 സിക്സറുകളും ഉൾപ്പെടെ 101 റൺസെടുത്തപ്പോൾ, കുശാഗ്ര 38 പന്തിൽ നിന്ന് 81 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ അനുകുൽ റോയിയുടെയും (20 പന്തിൽ 40) റോബിൻ മിൻസിന്റെയും (14 പന്തിൽ 31) വെടിക്കെട്ട് ബാറ്റിംഗ് കൂടി ചേർന്നതോടെ ജാർഖണ്ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
263 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഹരിയാനയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട അവർക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പ്രയാസപ്പെട്ടു. യശ്വർദ്ധൻ ദലാൽ (22 പന്തിൽ 53), നിഷാന്ത് സിന്ധു (15 പന്തിൽ 31) എന്നിവർ നടത്തിയ പോരാട്ടം അല്പനേരം പ്രതീക്ഷ നൽകിയെങ്കിലും അനുകുൽ റോയിയുടെ ബോളിംഗ് ഹരിയാനയുടെ നട്ടെല്ലൊടിച്ചു. ഒടുവിൽ 18.3 ഓവറിൽ 193 റൺസിന് ഹരിയാന ഓൾ ഔട്ടായി. ജാർഖണ്ഡിനായി സുശാന്ത് മിശ്രയും ബാൽ കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 2010-11 ലെ വിജയ് ഹസാരെ ട്രോഫിക്ക് ശേഷം ജാർഖണ്ഡ് നേടുന്ന രണ്ടാമത്തെ വലിയ ആഭ്യന്തര കിരീടമാണിത്.









