ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ പ്രധാന താരമായ ജെമിമ റോഡ്രിഗസ് പുറത്തായി. വൈറൽ പനിയെ തുടർന്നാണ് ജെമിമക്ക് കളിക്കാനാവാത്തതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്ഥിരീകരിച്ചു.

ഇന്ന് ന്യൂ ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായാണ് ഈ വിവരം പുറത്തുവിട്ടത്.
ബിസിസിഐ മെഡിക്കൽ ടീം ജെമിമയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങൾ താരത്തിന് നഷ്ടമാകും.
സെപ്റ്റംബർ 30-ന് ആരംഭിക്കുന്ന വനിതാ ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനാൽ ജെമിമയുടെ പരിക്ക് ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ജെമിമയ്ക്ക് പകരം തേജൽ ഹസബ്നിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 28 വയസ്സുള്ള തേജൽ, ആറ് ഏകദിനങ്ങളിൽ നിന്ന് 46.66 ശരാശരിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2025-ൽ അയർലൻഡിനെതിരെ നേടിയ 53 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ 26 പന്തിൽ നിന്ന് 18 റൺസെടുത്ത ശേഷമാണ് ജെമിമ പുറത്തായത്.