വനിതാ പ്രീമിയർ ലീഗിന്റെ (WPL 2026) വരാനിരിക്കുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ് നയിക്കാൻ സാധ്യത. ഡിസംബർ 22-ന് ഡൽഹി ക്യാപിറ്റൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു മിസ്റ്ററി വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ഡിസംബർ 23-ന് വൈകുന്നേരം 6 മണിക്ക് സ്റ്റാർ സ്‌പോർട്‌സിലൂടെയും ജിയോ ഹോട്ട്‌സ്റ്റാറിലൂടെയും പുതിയ നായികയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.

മെഗ് ലാനിംഗ് യുപി വാരിയേഴ്‌സിലേക്ക് ചേക്കേറിയതോടെയാണ് ഡൽഹി ക്യാപിറ്റൽസിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നത്. ടീമിനെ നയിക്കാൻ ഒരു ഇന്ത്യൻ താരത്തിനാണ് മുൻഗണന നൽകുന്നതെന്ന് ഡൽഹി ഉടമ പാർത്ഥ് ജിൻഡാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർട്ടിന്റെ പേരും പരിഗണനയിലുണ്ടെങ്കിലും, ജെമീമയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
25-കാരിയായ ജെമീമ ഡൽഹി ക്യാപിറ്റൽസിനായി 27 മത്സരങ്ങളിൽ നിന്ന് 139.66 സ്ട്രൈക്ക് റേറ്റിൽ 507 റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലോ ഡബ്ല്യുപിഎല്ലിലോ മുൻപ് ക്യാപ്റ്റനായ പരിചയമില്ലെങ്കിലും, മുംബൈ ആഭ്യന്തര ടീമിനെ നയിച്ച പരിചയവും ഇന്ത്യൻ ടീമിലെ വൈസ് ക്യാപ്റ്റൻ എന്ന നിലയിലുള്ള മികവും ജെമീമയ്ക്ക് തുണയാകും.









