ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്ക് പുറത്തുള്ള ടീമുകള്‍ക്കും സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ഐസിസി മുന്‍കൈ എടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ജേസണ്‍ ഹോള്‍ഡര്‍. തുല്യമായ വരുമാനം പങ്കുവയ്ക്കുന്ന ഒരു മോഡല്‍ വന്നാല്‍ മാത്രമേ ക്രിക്കറ്റ് എല്ലായിടത്തും സാമ്പത്തികമായി ഗുണകരമാകുകയുള്ളുവെന്നും ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.
ക്രിക്കറ്റിന് വളക്കുറുള്ള എന്നാല്‍ സാമ്പത്തികമായി ക്ഷയിച്ച് നില്‍ക്കുന്ന കരീബിയന്‍ മണ്ണിലേക്ക് ഇംഗ്ലണ്ട് ടൂര്‍ ചെയ്യുവാന്‍ എത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജേസണ്‍ ഹോള്‍ഡര്‍. ഈ വര്‍ഷം അവസാനത്തിനുള്ളില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനെതിരെ നാട്ടില്‍ കളിക്കുവാന്‍ വരികയാണെങ്കില്‍ അത് വളരെ സഹായകമാകുമെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ ടെസ്റ്റ് കളിക്കുവാന്‍ വിന്‍ഡീസ് മുന്നോട്ട് വന്നിരുന്നു. 50 ശതമാനം വരുമാനം നഷ്ടപ്പെടുത്തി കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യത്തേക്ക് വരാന്‍ സന്നദ്ധരായ വിന്‍ഡീസിന്റെ ത്യാഗത്തെ പരിഗണിച്ചെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് തിരിച്ച് ഒരു ടൂറിന് വരണമെന്നാണ് ജേസണ്‍ ഹോള്‍ഡറുടെ ആവശ്യം.
ഇന്ത്യയും ഇംഗ്ലണ്ടും വന്ന് നാട്ടില്‍ കളിക്കുമ്പോള്‍ മാത്രമാണ് ബോര്‍ഡ് ലാഭമുണ്ടാക്കുന്നതെന്നാണ് തനിക്ക് മനസ്സിലായത്. പാക്കിസ്ഥാനും ഓസ്ട്രേലിയയും വരുമ്പോള്‍ നഷ്ടമില്ലാതെ നിലകൊള്ളുവാന്‍ ബോര്‍ഡിനാകുന്നു. മറ്റു ടീമുകള്‍ വരുമ്പോള്‍ സാമ്പത്തികമായ നഷ്ടമാണ് ടീമിനുണ്ടാകുന്നത്. അതിനാല്‍ തന്നെ ഈ അവസരത്തില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇത്തരം ഒരു നീക്കം തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.