സയ്യിദ് മുഷ്താഖ് അലി ട്രോഫി സൂപ്പർ ലീഗിൽ രാജസ്ഥാനെതിരായ മുംബൈയുടെ ആവേശകരമായ മൂന്ന് വിക്കറ്റ് വിജയത്തിന് തൊട്ടുപിന്നാലെ, ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പുനെയിലെ ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഉദരരോഗത്തെത്തുടർന്നാണ് (Acute gastroenteritis) അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

217 റൺസ് പിന്തുടരുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടിട്ടും 23 വയസ്സുകാരനായ ജയ്‌സ്വാൾ 16 പന്തിൽ 15 റൺസ് നേടിയിരുന്നു. എന്നാൽ മത്സരശേഷം സ്ഥിതി വഷളായതിനെത്തുടർന്ന് അദ്ദേഹത്തിന് ഐവി മെഡിക്കേഷൻ, അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവ നൽകി. ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമവും തുടർചികിത്സയും നിർദ്ദേശിച്ചിട്ടുണ്ട്.
അജിങ്ക്യ രഹാനെയുടെ പുറത്താകാതെയുള്ള 72 റൺസും സർഫറാസ് ഖാന്റെ 22 പന്തിൽ 73 റൺസ് പ്രകടനവുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. മികച്ച ഫോമിലുള്ള ജയ്‌സ്വാൾ മൂന്ന് എസ്എംഎടി (SMAT) മത്സരങ്ങളിൽ നിന്ന് 168.6 സ്ട്രൈക്ക് റേറ്റിൽ 145 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഹരിയാനയ്‌ക്കെതിരായ സെഞ്ച്വറിയും ഉൾപ്പെടുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തന്റെ ആദ്യ സെഞ്ച്വറി ഉൾപ്പെടെ 78 ശരാശരിയിൽ 156 റൺസും അദ്ദേഹം സ്വന്തമാക്കി.









