ഈ വർഷം അവസാനം ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇടം പിടിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അതെ സമയം രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടം നേടുമെങ്കിൽ ആദ്യ ഇലവനിൽ സ്ഥാനം നേടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഇരു താരങ്ങളും 2018ൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയപ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. അന്ന് 2 ടെസ്റ്റ് മത്സരങ്ങളിൽ ജഡേജ ആദ്യ ഇലവനിൽ ഇറങ്ങിയെങ്കിലും പാണ്ഡ്യക്ക് ആദ്യ ഇലവനിൽ പരമ്പരയിൽ സ്ഥാനം ലഭിച്ചിരുന്നില്ല. സ്പിന്നർമാരായി രവിചന്ദ്ര അശ്വിനും കുൽദീപ് യാദവിനുമാവും വിക്കറ്റ് ലഭിക്കുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.
പരിക്ക് മൂലം കുറെ കാലം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്ന ഹർദിക് പാണ്ഡ്യക്ക് ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഹർദിക് പാണ്ട്യ പുറം ഭാഗത്തേറ്റ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. പരിക്ക് മാറി താരം ഇന്ത്യക്ക് വേണ്ടി ഇതുവരെ കളിച്ചിട്ടില്ല.നിലവിൽ ടെസ്റ്റ് മത്സരത്തിന് താരം തയ്യാറല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 4 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. ഡിസംബർ 3നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.