മായങ്ക് മാർകണ്ഡേയ്ക്ക് പകരം വെസ്റ്റ് ഇൻഡീസ് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

അപ്രതീക്ഷിതമായ സ്വാപ്പ് ഡീലുമായി മുംബൈ ഇന്ത്യൻസ്. ലെഗ് സ്പിന്നർ മയാങ്ക് മാർക്കണ്ഡേയിനെ ഡെൽഹി ക്യാപിറ്റൽസിലേക്കയച്ച് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഷെർഫാൻ റുഥർഫോർഡിനെ ടീമിലെത്തിച്ചു. 2019 ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച റൂഥർഫോർഡ് ഏഴ് മത്സരങ്ങളിൽ 73 റൺസും ഒരു വിക്കറ്റും നേടിയിരുന്നു.

കഴിഞ്ഞ സീസൺ CPL ലെ ഓൾ റൗണ്ടർ പ്രകടനമാണ് മുംബൈ ടീമിന്റെ റഡാറിൽ താരത്തെ എത്തിച്ചത്. 8‌ മത്സരങ്ങളിൽ താരം 171 റൺസ് അടിച്ചു കൂട്ടിയിരുന്നു. അതേ സമയം ഈ സീസണിൽ മയാങ്ക് മുംബൈ ഇന്ത്യൻസിൽ തഴയപ്പെട്ടു. മയാങ്കിന് പകരം രാഹുൽ ചഹാറിനെയാണ് മുംബൈ ഇന്ത്യൻസ് അവസരം കൊടുത്തത്. താരം 13 വിക്കറ്റുകൾ 13 കളികളിൽ നേടി. മയാങ്കിന് മൂന്ന് മത്സരങ്ങളിൽ മാത്രമേ അവസരം ലഭിച്ചുള്ളു. ഒരു വിക്കറ്റാണ് താരം ഈ സീസൺ ഐപിഎല്ലിൽ നേടിയത്. കഴിഞ്ഞ സീസണിൽ മയാങ്ക് മാർക്കണ്ഡേയ് 15 വിക്കറ്റുകൾ നേടിയിരുന്നു.