കാലിടറി മുംബൈ ഇന്ത്യൻസ്, വിജയത്തോടെ സി എസ് കെ ഒന്നാമത്

20210919 231548

ഐ പി എൽ പുനരാരംഭിച്ചപ്പോഴും പതറാതെ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 20 റൺസിന്റെ വിജയം നേടാൻ ധോണിയുടെ സി എസ് കെക്ക് ആയി. 157 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് ആകെ 8 നഷ്ടത്തിൽ 136 റൺസ് മാത്രമെ എടുക്കനായുള്ളൂ. മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്സ്മാന്മാർക്ക് ആർക്കും ഇന്ന് തിളങ്ങാൻ ആയില്ല. ആകെ സൗരബ് തിവാരി (50) മാത്രമാണ് പൊരുതുക എങ്കിലും ചെയ്തത്‌.

19 റൺസ് നൽകി 2 വിക്കറ്റ് എടുത്ത ദീപക് ചാഹറിന്റെ നല്ല ബൗളിംഗ് തുടക്കത്തിൽ തന്നെ ചെന്നൈക്ക് കളിയിൽ നിയന്ത്രണം നൽകി. ഡി കോക്കിനെയും (17), അന്മോൾ പ്രീതിനെയും (14) ചാഹർ ആണ് പുറത്താക്കിയത്. 3 റൺസ് മാത്രം എടുത്ത് സൂര്യകുമാർ യാദവും 11 റൺസ് മാത്രമെടുത്ത് ഇഷൻ കിഷനും വേഗം പുറത്തായി. എന്നും ചെന്നൈക്ക് എതിരെ തിളങ്ങാറുള്ള പൊള്ളാർഡും (15) തിളങ്ങിയില്ല.

അവസാനം സൗരബ് തിവാരിക്ക് ഒപ്പം നിന്ന് മിൽനെ പൊരുതി നോക്കി എങ്കിലും വിജയ ലക്ഷ്യത്തിൽ എത്തിയില്ല. ഹസെല്വൂഡ്, താക്കൂർ എന്നിവർ ചെന്നൈക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്രാവോ മൂന്നു വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ 12 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. മുംബൈ ഇന്ത്യൻസ് നാലാമതാണ്‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് ആണ് എടുത്തിരുന്നത്. തുടക്കത്തിൽ മുംബൈയുടെ ബൗളിംഗിനു മുന്നിൽ പതറിയ ചെന്നൈ സൂപ്പർ കിംഗ്സ് ഗെയ്ക്വാദിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്ത് ഉയർത്തിയത്. ഇന്ന് ആദ്യ മൂന്ന് ഓവറിൽ തന്നെ ചെന്നൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. 24/4 എന്ന നിലയിൽ നിന്നാണ് ചെന്നൈ കരകയറിയത്.

റൺസ് ഒന്നും എടുക്കാതെ ഡുപ്ലസിസ് ബൗൾടിന് മുന്നിലും മൊയീൻ അലി മിൽനെക്ക് മുന്നിലും കീഴടങ്ങി. സുരേഷ് റെയ്ന 4 റൺസ് എടുത്തും ധോണി 3 റൺസ് എടുത്തും കളം വിട്ടതോടെ ചെന്നൈ 100 പോലും കടക്കുമോ എന്ന് ആരാധകർ ഭയന്നു. ചെന്നൈയിൻ ബാറ്റ്സ്മാൻ അമ്പാടി റായ്ഡു പരിക്കേറ്റും കളം വിട്ടിരുന്നു. പിന്നീടാണ് ഗെയ്ക്വാദും ജഡേജയും കൂടെ കൂട്ടുകെട്ട് പടുത്തു. ജഡേജ 33 റൺസ് എടുത്തു.

ഗെയ്ക്വാദ് തന്റെ ഫോം തുടരുന്നതാണ് കണ്ടത്. സമ്മർദ്ദങ്ങളിൽ പതറാതെ ബാറ്റു ചെയ്ത ചെന്നൈ ഓപ്പണർ 58 പന്തിൽ 88 റൺസ് എടുത്തു പുറത്താകാതെ നിന്നു. 4 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അവസാനം ബ്രാവോയുടെ വെടിക്കെട്ട് സി എസ് കെയെ ഭേദപ്പെട്ട സ്കോറിൽ എത്തിക്കാൻ സഹായിച്ചു. ബ്രാവോ എട്ട് പന്തിൽ നിന്ന് 23 റൺസ് അടിച്ചാണ് പുറത്തായത്.
മുംബൈക്ക് വേണ്ടി ബൗൾട്ട്, മിൽനെ, ബുമ്ര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Previous articleഹാളണ്ട്! ഹാളണ്ട്! ഗോളടി ഭ്രാന്ത് തുടർന്ന് ഹാളണ്ട്! ഡോർട്ടുമുണ്ടിനു ജയം
Next articleസമനിലയും ആയി രക്ഷപ്പെട്ടു ലാസിയോ