ഈ പണം ചെല്ലുന്നത് ഗാംഗുലിയുടെയോ ജയ് ഷായുടെയോ കൈകളിലേക്കല്ല, ഐപിഎലിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി ബിസിസിഐ ട്രഷറര്‍

Sports Correspondent

ഐപിഎല്‍ പണം ഉണ്ടാക്കാനുള്ള ഉപാധി മാത്രമാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിസിസിഐ ട്രഷറര്‍ വരുണ്‍ ധമാല്‍. സൗരവ് ഗാംഗുലിയുടെയോ ജയ് ഷായുടെയോ കൈകളിലേക്കല്ല ഈ പണം പോകുന്നതെന്നും ക്രിക്കറ്റ് താരങ്ങള്‍ക്കും അല്ലാത്തവരുമായി ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ പണം കൊണ്ട് പ്രയോജനം ഉണ്ടാകുന്നതെന്ന് വരുണ്‍ ധമാല്‍ വ്യക്തമാക്കി.

ബിസിസിഐയുടെ സാമ്പത്തിക ഭദ്രതയ്ക്കും കാരണം ഐപിഎല്‍ ആണന്നും ഐപിഎല്‍ നടത്താനാകാത്തത് ബിസിസിഐയ്ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം തന്നെ ഐപിഎല്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ ബിസിസിഐ മുന്നോട്ട് വയ്ക്കുന്നതിനിടെയാണ് ബോര്‍ഡിന്റെ വ്യഗ്രതയെ ചിലര്‍ വിമര്‍ശിച്ചത്.

ബിസിസിഐ ഭാരവാഹികളിലേക്കല്ല ഈ പണം എത്തുന്നതെന്നാണ് വരുണ്‍ ധമാല്‍ പറഞ്ഞത്. ഓരോ അസോസ്സിയേഷനുകള്‍ക്കും ഇതിന്റെ ലാഭം കിട്ടുന്നുണ്ടെന്നും അത് ക്രിക്കറ്റിന് പുറത്ത് ടൂറിസത്തെയും വളര്‍ത്തുന്നുണ്ടെന്ന് വരുണ്‍ വ്യക്തമാക്കി. ടാക്സ് മാത്രമായി തന്നെ ബിസിസിഐ കോടികളാണ് നല്‍കി വരുന്നതെന്നും അത് രാജ്യത്തിന്റെ ഗുണത്തിനാണെന്നും ബിസിസിഐ ട്രഷറര്‍ വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്ന് പല കാലങ്ങളിലും ഇളവുകള്‍ വാങ്ങുന്നതും ഇതേ ബിസിസിഐ ആണെന്നതാണ് മറ്റൊരു വസ്തുത. വിവിധ ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ ടാക്സ് ഇളവുകള്‍ നേടിയാണ് ബിസിസിഐ അത് സംഘടിപ്പിക്കുന്നത്.