ധർമ്മശാലയിൽ നടന്നുകൊണ്ടിരുന്ന പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം സുരക്ഷാ ഭീഷണിയെ തുടർന്ന് പാതിവഴിയിൽ നിർത്തിവച്ചു. പഞ്ചാബിൻ്റെ ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് അധികൃതർ ലൈറ്റുകൾ ഓഫ് ചെയ്യുകയായിരുന്നു. പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ കാരണങ്ങളാൽ ഈ നീക്കം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയത് എന്നാണ് സൂചന.

തുടക്കത്തിൽ ഫ്ലഡ് ലൈറ്റ് തകരാറിലായതാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും, പിന്നീട് ഇത് സുരക്ഷാ കാരണങ്ങളാൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണെന്ന് മനസ്സിലായി. ഔദ്യോഗികമായ ടെക്നിക്കൽ പ്രശ്നം കാരണം കളി ഉപേക്ഷിച്ചു എന്നാണ് പ്രസ്താവന വന്നിരിക്കുന്നത്.
കളിക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും തുടർന്ന് കാണികളോട് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പ്രത്യാക്രമണം ഉണ്ടായതിന് പിന്നാലെ ഇന്ന് പാകിസ്ഥാൻ ഇന്ത്യൻ അതിർത്തികളിൽ ആക്രമണം നടത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഐപിഎൽ അധികൃതരും സുരക്ഷാ നടപടി സ്വീകരിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ധർമ്മശാലയിൽ നടക്കാനിരുന്ന അടുത്ത മത്സരം ഇതിനകം തന്നെ അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.