ഇന്ത്യ-ന്യൂസിലാന്റ് ടി-20: ആവേശപ്പോരാട്ടത്തിനായി ടീമുകൾ ഇന്ന് തലസ്ഥാനത്തെത്തും

Newsroom

Resizedimage 2026 01 28 22 43 32 1

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും ഇന്ന് (ജനുവരി 29) തലസ്ഥാനത്തെത്തും.ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് മത്സരം. സഞ്ജു സാംസണിന്റെ സാന്നിധ്യം ആരാധകർക്ക് ആവേശം പകരുന്നുണ്ട്.

വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും.വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തിൽ താരങ്ങളെ താമസസ്ഥലത്തേക്ക് എത്തിക്കും. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക മത്സരത്തിന്റെ വേദി . സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ സാന്നിധ്യവും ലോകകപ്പ് മുന്നൊരുക്കങ്ങളും മത്സരത്തിന്റെ മാറ്റുകൂട്ടുമെന്ന് കെ.സി.എ ഭാരവാഹികൾ അറിയിച്ചു.