ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റെങ്കിലും തന്റെ ബാറ്റിങ്ങിൽ സന്തോഷവാനാണെന്ന് പറഞ്ഞ് യുവരാജ് സിങ്. മത്സരത്തിൽ 35 പന്തിൽ 53 റൺസ് എടുത്ത യുവരാജ് സിങ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് 37 റൺസിന് തോറ്റിരുന്നു.
മത്സരത്തിൽ രോഹിത് ശർമയെ നേരത്തെ നഷ്ടപ്പെട്ടതും ഡി കോക്കിന്റെ വിക്കറ്റ് നഷ്ടമായതും പോളാർഡിന് നിലയുറപ്പിക്കാനാവാതെപോയതുമാണ് പരാജയത്തിന് കാരണമായതെന്ന് യുവരാജ് പറഞ്ഞു. 27 പന്തിൽ 78 റൺസ് എടുത്ത റിഷഭ് പന്തിന്റെ പ്രകടനത്തെ അഭിനന്ദിക്കാനും യുവരാജ് സിങ് മറന്നില്ല. ഭാവിയിൽ റിഷഭ് പന്ത് ഇന്ത്യയുടെ പുതിയ കണ്ടെത്തലായി മാറുമെന്നും യുവരാജ് പറഞ്ഞു.
37 മത്തെ വയസ്സിലും കളിക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ സമയമാവുമ്പോൾ താൻ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് യുവരാജ് സിങ് പറഞ്ഞു. ഈ പ്രായത്തിലും കളിക്കുന്നതിനെ പറ്റി സച്ചിൻ ടെണ്ടുൽക്കറോട് അഭിപ്രായം ചോദിച്ചെന്നും സച്ചിന്റെ ഉപദേശം തനിക്ക് ഏറെ പ്രയോജനപ്പെട്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.